Wed. Jan 22nd, 2025

മുംബൈ: ഏപ്രില്‍ 30 ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍. 16 കാരനാണ് പൊലീസ് കസ്റ്റഡിയിലായത്. തിങ്കളാഴ്ച രാത്രിയാണ് ഗോശാല രക്ഷക് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ കാള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താണെയിലെ ശഹാപുരില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശിയായ ബാലനാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഭീഷണിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ കത്തിലൂടെയും ഈ-മെയിലിലൂടെയും സല്‍മാന്‍ ഖാന് വധഭീഷണിയുണ്ടായിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലായിരുന്നു അവ. രാജസ്ഥാന്‍ വനങ്ങളില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഷ്‌ണോയ് സമുദായത്തോട് സല്‍മാന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം