Mon. Dec 23rd, 2024

കോഴിക്കോട്: പെട്രോള്‍ വാങ്ങുന്നതിലടക്കം ഷാറുഖ് സെയ്ഫി കൃത്യമായ ആസൂത്രണം നടത്തിയെന്ന് പൊലീസ് കണ്ടെത്തല്‍. അതോടെ ആക്രമണത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പൊലീസ്. ഡല്‍ഹി കേന്ദ്രീകരിച്ച് ഗുഢാലോചന നടന്നോയെന്ന് വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കിയതെന്നാണ് കരുതുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ നല്‍കിയ സൂചനകള്‍ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ള കാര്യം ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.

ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും കുറിപ്പും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ഡല്‍ഹിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലര്‍ത്തിയോ എന്ന് പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളില്‍ പ്രതിഷേധിക്കാനാണോ ആക്രമണം എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടന്ന ദിവസം പുലര്‍ച്ചെ സമ്പര്‍ക്കകാന്തി എക്‌സ്പ്രസില്‍ ആണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാള്‍ക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനില്‍ എത്തി പെട്രോളക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം