Sun. Nov 17th, 2024

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള ശിലാഫലകങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ചേറ്റുപുഴ സ്വദേശി വിജയനെതിരെ ക്ഷേത്രോപദേശക സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. 2014 ല്‍ തൃശൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ ചേറ്റുപുഴ സ്വദേശി വിജയന്‍ ഒരു തുലാഭാരത്തട്ട് സംഭാവാന ചെയ്തിരുന്നു.കൊച്ചുമകന് തുലാഭാരം നടത്തുന്നതിനിടയില്‍ തുലാഭാരത്തട്ട് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റതിനെതുടര്‍ന്നായിരുന്നു ഇത്. തട്ടില്‍ രേഖപ്പെടുത്തിയിരുന്ന വിജയന്റെ പേര് ക്ഷേത്രോപദേശക സമിതി പിന്നീട് എടുത്തുമാറ്റി. ഇതിനെതിരെ വിജയന്‍ നല്‍കിയ പരാതിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിജയന്റെ പേര് പുനസ്ഥാപിക്കാന്‍ ക്ഷേത്ര ഉപദേശക സമിതിയോട് നിര്‍ദേശിച്ചു. ഇതിനെതിരെ ക്ഷേത്രോപദേശക സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ക്ഷേത്രത്തില്‍ മാര്‍ബിളില്‍ ക്ഷേത്രോപദേശക സമിതി അംഗങ്ങളുടെ പേരുള്ള ശിലാഫലകം സ്ഥാപിച്ചിട്ടുളള കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള ശിലാഫലകങ്ങള്‍ അടിയന്തിരമായി എടുത്തുമാറ്റാന്‍ കോടതി ഉത്തരവിട്ടത്. അതേസമയം, വിജയന്റെ പേര് തുലാഭാരത്തട്ടില്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഒന്നിലേക്ക് മാറ്റി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം