Sun. Dec 22nd, 2024

 

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയയിലെ ഹെപ്‌ബേണ്‍ മേയര്‍ ബ്രയാന്‍ ഹുഡ്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കേസ്. മേയര്‍ക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങള്‍ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപണ്‍ എഐ-ക്കെതിരെ കേസ് കൊടുക്കുമെന്നാണ് മേയര്‍ പറയുന്നത്. ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. കൈക്കൂലി കേസില്‍ മേയര്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. 2000-ത്തിന്റെ തുടക്ക സമയത്ത് റിസര്‍വ് ബാങ്ക് ഓഫ് ആസ്ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉള്‍പ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസില്‍ ബ്രയാന്‍ ഹുഡിനെ പ്രതിചേര്‍ത്തുവെന്നും അദ്ദേഹം ജയില്‍ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചത്. അപമാനം സൃഷ്ടിക്കുന്ന തരത്തില്‍ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പണ് എഐക്കെതിരെ മാനനഷ്ടകേസ് നല്‍കുമെന്നാണ് മേയര്‍ പറയുന്നത്. മേയര്‍ക്കെതിരെ ചാറ്റ് ജിപിടി ആരോപിക്കുന്ന കുറ്റങ്ങള്‍ ഒന്നും ചുമത്തപ്പെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാര്‍ച്ച് 21ന് ഓപ്പണ്‍എഐക്ക് മോയറുടെ അഭിഭാഷകന്‍ കത്തയച്ചിരുന്നു. ചാറ്റ്ജിപിടി നടത്തിയ അവകാശവാദം പരിഹരിക്കാന്‍ ഓപ്പണ്‍എഐക്ക് 28 ദിവസത്തെ സമയം നല്‍കിയിരിക്കുകയാണ്. അല്ലെങ്കില്‍ മാനനഷ്ടക്കേസ് നേരിടാന്‍ തയ്യാറാകണമെന്നും കത്തില്‍ പറയുന്നു. അതേസമയം, ഓപ്പണ്‍എഐ ഇതുവരെ ഹുഡിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം