Sun. Dec 22nd, 2024

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. സിജെഎം കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കുന്നത്. അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുലിന്റെ അഭിഭാഷകര്‍ നാളെ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും. ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ അപകീർത്തിക്കേസ് നൽകിയത്. 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടെ എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന് ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി എന്നീ പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് രാഹുൽ ചോദിച്ചിരുന്നു. ഈ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂർണേഷ് മോദി കേസ് നൽകിയിരുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.