Mon. Nov 25th, 2024

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപര്‍ണ്ണ മുരളീധരന്‍ എറണാകുളം ലോ കോളേജില്‍ സിനിമ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥി അവര്‍ക്ക് പൂവ് കൊടുത്ത് ശേഷം കൈ കൊടുത്ത് പിന്നെ തോളില്‍ കൈയിട്ടപ്പോള്‍ അവര്‍ ഒഴിഞ്ഞ് മാറുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വൈറല്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അപര്‍ണ്ണയെ പിന്തുണച്ചും യുവാവിനെ പിന്തുണച്ചും പലരും രംഗത്തെത്തി. രണ്ട് കാര്യങ്ങള്‍ വീഡിയോയില്‍ നിന്ന് വളരെ കൃത്യമായി ബോദ്ധ്യപ്പെടുന്നുണ്ട്. ഒന്നാമത്തേത് തോളില്‍ കൈയിടുമ്പോള്‍ വളരെ കൃത്യമായി അപര്‍ണ്ണ തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ച് ഒഴിഞ്ഞ് മാറുന്നുണ്ട്. രണ്ടാമത്തേത് ഒരു ക്യാംപസിന്റെ തിമിര്‍പ്പിലും ജിജ്ഞാസയിലും ചെയ്ത പ്രവൃത്തിയില്‍ തിരികെ വന്ന് യുവാവ് ക്ഷമ ചോദിക്കുന്നതാണ്. പൊതുസമൂഹത്തില്‍ ഇടപ്പെടേണ്ടതിന്റെ ഒരു പാഠരൂപമായി വികസിപ്പിച്ച് കാണേണ്ട വീഡിയോ ആണത്. എന്നാല്‍ സോഷ്യല്‍ മീഡീയയില്‍ ആ വീഡിയോക്ക് താഴെ കമന്റ് ചെയ്തവര്‍ ആ വിഷയത്തെ കൊണ്ട് ചെന്ന് എത്തിച്ചത് മറ്റ് പല തലങ്ങളിലേക്കുമാണ്.

ആ വീഡിയോ നല്‍കിയ സവിശേഷ പരിസരങ്ങള്‍ എന്തെല്ലാമെന്ന് പരശോധിച്ചാല്‍ പഠിക്കണമെന്നുളളവര്‍ക്ക് ചില പാഠങ്ങളുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ നടത്തുന്ന ഒരു സ്പര്‍ശനം പോലും പരസ്യമായി അവമതിക്കേണ്ടതും പ്രതിഷേധാര്‍ഹമാണെന്നുമുള്ള നിലപാട് അപര്‍ണ്ണ പരസ്യമായി പ്രകടിപ്പിച്ചതിലുടെ എല്ലാവര്‍ക്കും അതൊരു വിഷ്വല്‍ പാഠമായി മാറുന്നുണ്ട്. ദൃശ്യലോകത്ത് ഒരു കലാകാരി എന്ന നിലക്ക് പുരുഷന്മാരായ അഭിനേതാക്കളോട് ഇടപഴകി അഭിനയിക്കുന്നു എന്നതിനാല്‍ ആര്‍ക്കും അത് സാധ്യമാണ് എന്ന മുന്‍വിധിയോടെയുള്ള ആണ്‍ മനോഭാവം സാധ്യമല്ല എന്ന മുന്നറിയിപ്പ്. ഏത് ആഘോഷത്തിമിര്‍പ്പിനിടയില്‍ ആയാലും പാലിക്കപ്പെടേണ്ട ചില പരസ്പര ബഹുമാനത്തിന്റെ ധാരണകളുണ്ട് എന്ന് അത് ആവര്‍ത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നു. അതേ വേദിയില്‍ തിരികെ വന്ന് പരസ്യമായി ക്ഷമ പറഞ്ഞ് പ്രവൃത്തി അഭിനന്ദനീയമാണ്. വിദ്യാര്‍ത്ഥി ക്ഷമ പറഞ്ഞ ശേഷവും തങ്ങളുടെ നിലപാട് അപര്‍ണ്ണയും വിനീത് ശ്രിനിവാസനും  ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.മുണ്ടും ഷര്‍ട്ടുമിട്ട് ആ വിദ്യാര്‍ത്ഥിക്ക് ഒരു സഖാവിന്റെ രൂപ ഭാവാദികളുള്ളത് കൊണ്ടാണ് അപര്‍ണ്ണ അവഗണിച്ചത് എന്ന് സൈദ്ധാന്തിക നിരിക്ഷണങ്ങളും അയാള്‍ക്ക് ഇരുണ്ട നിറമള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നും ചില ദളിത് പക്ഷ രാഷ്ട്രീയ വിചാരങ്ങളുമാണ് ശ്രദ്ധേയം.വിപ്ലവ സൈദ്ധാന്തികതയും ദളിത് പക്ഷ രാഷട്രീയവുമൊക്കെ അസ്ഥാനത്ത് വലിച്ചിഴച്ച് സൃഷ്ടിക്കപ്പെടുന്ന പിന്തിരിപ്പന്‍ പൊതുബോധത്തിന്റെ ഒടുവിലത്തെ ഉദ്ദാഹരണമായി ഈ കമന്റുകള്‍ ചര്‍ച്ച് ചെയ്യപ്പെടുന്ന പരിസരം ഇതാണ്.

ഇഷ്ടങ്ങളില്‍ പലരും സെലക്ടീവാണ് എന്ന അഭിപ്രായം തുറന്ന് പറയുമ്പോഴും രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും പകരം ലോലമായ ഉപരിവിപ്ലമായ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം കിട്ടുന്നത് എന്ന് ദളിത് അക്ടിവിസ്റ്റും എഴുത്തുകാരിയുമായ സതി അങ്കമാലി ചൂണ്ടികാണിക്കുന്നു. ആ ചെറുപ്പക്കാരന്‍ അങ്ങനെ ചെയ്തത് ചിലപ്പോള്‍ അവന് ഒന്ന് സ്റ്റാറാകാന്‍ വേണ്ടി ആയിരുന്നിരിക്കാം.അപര്‍ണ്ണയുടെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്തു എന്ന് പറയുമ്പോള്‍ കിട്ടുന്ന ലൈക്കും കമന്റ്‌റുമായിരുന്നിരിക്കാം അവന്റെ ലക്ഷ്യം. അവന് ദളിതനാണങ്കെില്‍ സാമൂഹിക രാഷ്ട്രീയത്തില്‍ നിന്നും അവന് കിട്ടാതെ പോയ പല ആഗ്രഹങ്ങളെയും പ്രതിഫലിപ്പിക്കാന്‍ കൂടിയാവും ചിലപ്പോഴിത് ചെയ്തിട്ടുണ്ടാവുക. അവിടെ അവന്റെ ജാതിയും നിറവുമൊക്കെ പ്രശ്‌നമാകുന്നുണ്ട്.  അപര്‍ണ്ണ ബാലമുരളിയാണെങ്കിലും മറ്റേതെങ്കിലും ഒരു സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വമാണെങ്കിലും അവര്‍ക്കിഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറാന്‍ പാടുള്ളതല്ല എന്നും സതി അങ്കമാലി പറയുന്നു.എന്നാല്‍ വീണ് കിട്ടുന്ന വിഷയങ്ങളെ പലരും ഉപയോഗിച്ചേക്കാം. സോഷ്യല്‍ മീഡിയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തങ്ങളുടെ നേതാക്കളോ അണികളോ പ്രതികൂട്ടിലാകുമ്പോള്‍ മുഖം രക്ഷിക്കാന്‍ ക്യാംപെയിനുകള്‍ നടത്തിയേക്കാം. പ്രവൃത്തി തെറ്റാണെങ്കിലും ശരിയാണെങ്കിലും അനുകൂലിച്ചേക്കാം. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ മാത്രമാണ് തള്ളി പറയുക എന്നും സതി അങ്കമാലി ചുണ്ടികാണിക്കുന്നു.

സോഷ്യല്‍ മീഡിയില്‍ പലപ്പോഴും സാമുഹിക വിഷയങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ ഇത്തരം പിന്തരിപ്പന്‍ ആശയങ്ങളെ അവ സാധാരണമാക്കി മാറ്റുകയാണ് എന്ന് മാനസികാരോഗ്യ വിദഗ്ധന്‍ ഡോ ജോണ്‍ ചുണ്ടികാണിക്കുന്നു. പണ്ടൊക്കെ ചായക്കടയിലിരുന്നും മറ്റും പത്ര വായനക്കിടയില്‍ വളരെ കുറച്ച് പേര്‍ക്കിടയില്‍ ലാഘവത്തോടെ പറഞ്ഞ് പോയിരുന്ന വികലമായ പിന്തിരിപ്പന്‍ ചിന്തകള്‍ സാമുഹ്യമാദ്ധ്യമങ്ങളിലുടെ ആധുനിക കാലത്ത് പൊതുജനമധ്യത്തിലേക്ക് എത്തുമ്പോള്‍ പ്രതികരണങ്ങള്‍ കൂടുതല്‍ സ്വാധീനമുണ്ട്. അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന പോലെ പക്ഷക്കാരല്ലൊം സാമുഹ്യമാധ്യമത്തില്‍ പ്രതികരണങ്ങളുമായി വരുന്നു. എന്നാല്‍ അവയില്‍ ശ്രദ്ധാകേന്ദ്രമാവുന്നതും അംഗീകാരം കിട്ടുന്നതും പൊതുബോധത്തില്‍ തിരുത്തിയെഴുതപ്പെടേണ്ട സങ്കല്‍പ്പങ്ങളാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ വിജയം പോലെ നെഗറ്റിവിറ്റിക്കാണ് ഇന്ന് സമൂഹത്തില്‍ മാര്‍ക്കറ്റ്. എന്നാല്‍ വരുത്തി വെക്കുന്ന അപകടംവളരെ വലുതാണ് എന്നും ഡോ ജോണ്‍ ചുണ്ടിക്കാട്ടുന്നു.കാണാന്‍ സുന്ദരനായ അല്ലെഅഹകില്‍ സശിതരുരിനെ പോലുള്ള ഒരാളായിരുന്നുവെങ്കില്‍ അഴര്‍ തടയില്ലായിരുന്നു എന്ന അര്‍ത്ഥത്തിലുള്ള കമന്റൊക്കെ ഇത്തരം ചിന്തകളെ വളരെ സ്വാഭാവികമായി മറ്റുള്ളവരിലേക്ക് കടത്തി വിടുന്നുണ്ട് എന്നും ഡോ ജോണ്‍ പറയുന്നു.

സാമുഹ്യമാദ്ധ്യമങ്ങളെ ദൃശ്യപരമായി മാത്രം വിലയിരുത്തി കൊണ്ട് അതിന്റെ ഉപരിവിപ്ലവമായ വീണ്ടു വിചാരങ്ങള്‍ നല്‍കുന്ന സാമുഹിക ആഘാതം വലുതാണ്. വര്‍ണ്ണവും വേഷവും മാത്രം കണ്ട് കൊണ്ട് ഒരു വിഷയത്തെ വിമര്‍ശിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ വിഷയത്തിന്റെ സത്ത ഉള്‍ക്കൊള്ളാനുള്ള ആവശ്യകതയെ നിരാകരിക്കുന്നു.ജാതിയതയുടെയും വംശീതയുടെയും വര്‍ണ്ണത്തിന്റെയും നിറം ചാര്‍ത്തുന്നതിലുടെ വളരെ വൈകാരികമായ പരിവേഷം നല്‍കാന്‍ സാധിക്കുന്നുണ്ട്. ഈ വൈകാരികത കെട്ടഴിച്ച് വിടുന്നതിലുടെ ലൈക്കുകളും കമന്റുകളും നേടിയെടുത്ത് ഗൂഡമായി ആനന്ദം അനുഭവിക്കുന്ന പ്രക്രിയ ആവാമത്. എന്നാല്‍ ഈ രണ്ട് വശങ്ങളും വൈകാരികമാണ്. ബൗദ്ധികമായ തലങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഇടപ്പെടലുകളാണ്.

ആ ചെറുപ്പക്കാരന്‍ ദളിതനാണെങ്കിലും അല്ലെങ്കിലും ഇത് ചെയ്യരുതായിരുന്നു എന്ന് ദളിത് സാമുഹിക പ്രവര്‍ത്തക മൃദുല ദേവി തുറന്ന് പറയുന്നത് ഇത്തരം സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.ഉപരിവിപ്ലവമായ പ്രചാരണങ്ങളില്‍ പലരും കുടുങ്ങുമ്പോള്‍ സത്യസന്ധമായി തങ്ങള്‍ക്കൊപ്പം നില നില്‍ക്കുന്ന പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ട് പോകുന്നുണ്ട് എന്ന് മൃദുല പറയുന്നു.കൂടുതല്‍ അന്വേഷണം നടത്താതെ തന്നെ പലരുടെയും വാക്കുകളും അഭിപ്രായങ്ങളും ചിലരൊക്കെ വിശ്വസിക്കും. ചിലരുടെ പദവി കൊണ്ട് സത്യമേ പറയു സത്യമേ ചെയ്യു എന്ന വിശ്വാസമുണ്ട്. അവരെ പിന്തുടരുന്നവര്‍ ഇത്തരം പിന്തിരിപ്പന്‍ ചിന്തകളില്‍ തെറ്റിദ്ധരിക്കപ്പടും. മുല്ലപ്പു വിപ്ലവത്തിലും നിര്‍ഭയ സംഭവത്തിലമൊക്കെ നീതി നേടിയെടുക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.യുവതയെ ഏറേ സ്വാധിനിക്കാനും കഴിയും. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ കൂടുല്‍ ഉത്തരവാദിമേറ്റെടുക്കേണ്ടതുണ്ട് എന്ന് മൃദുല പറയുന്നു. അവിടെ പ്രതികരിക്കേണ്ടത് എത്തരത്തില്‍ ആയിരിക്കണം എന്ന കാര്യത്തില്‍ നിരന്തരം പഠിപ്പിക്കുകയും സ്വയം പഠിക്കുകയും വേണമെന്നും മൃദുല ഓര്‍മ്മപ്പെടുത്തുന്നു.

ഇവിടെ ഉയരുന്ന പ്രധാന വിഷയം ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അവളുടെ ബോധവും സ്വാതന്ത്ര്യവും അവകാശവുമാണ്. അനുമതിയില്ലാതെ പെണ്‍ ശരീരത്തിന് മേലുള്ള സ്പര്‍ശനം കത്തിപിടിക്കുന്ന വിഷയമായി മാറേണ്ടിടത്ത് ഇവിടെ അങ്ങിനെ ആകാത്തത് അപര്‍ണ്ണയുെട അതീവ മാന്യമായ ഒഴിഞ്ഞുമാറലും വിദ്യാര്‍ത്ഥിയുടെ തിരച്ചറിയലും മാപ്പ് പറയലും കൊണ്ടാവണം. അത് മറച്ച് വെച്ചും മാറ്റി വെച്ചും അവന്റെ വസ്ത്രങ്ങളിലേക്കും നിറത്തിലേക്കും കണ്ണ് പായിക്കുന്നവര്‍ എന്തിന് വേണ്ടിയാണോ പുരാഗമന ചിന്തയില്‍ ദളിത് പരിപ്രേക്ഷ്യങ്ങളും നിര്‍മ്മിക്കപ്പെടുന്നത് അതൊക്കെ സ്വയം റദ്ദ് ചെയ്യുന്ന താണ നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. സ്ത്രീ വിരുദ്ധമായ ഒരു ഉള്ളടക്കത്തെ പെയ്ന്റടിച്ചും ന്യായീകരിച്ചും പുനസ്ഥാപിക്കുവാന്‍ വിപ്ലവ വിചാരങ്ങളെയും ദളിത് രാഷ്ട്രീയത്തെയും കൂട്ട് പിടിക്കുന്നവര്‍ ഒന്നുകില്‍ പുരോഗമന വിപ്ലവമോ പുരോഗമന വിപ്ലവ രാഷ്ട്രീയമോ എന്തെന്ന് അറിഞ്ഞ് കൂടാത്തവരോ അല്ലെങ്കില്‍ വിപ്ലവ ദളിത് പക്ഷ ചിന്തകളുടെ ബൗദ്ധിക ധാരകളെ ദുര്‍ബലപ്പെടുത്തണമെന്ന് ഗൂഡ ലക്ഷ്യമുള്ളത് കൊണ്ടോ ആകാം എന്ന വിമര്‍ശനമുയരുന്നത് ഈ സാഹചര്യത്തിലാണ്.

സമകാലിന വിഷയങ്ങളില്‍ പലയിടങ്ങളിലും ഈ പ്രതിലോമ പ്രവണത കണ്ട് വരുമ്പോള്‍ സമൂഹത്തെ നിരന്തരം മുന്നോട്ട് നയിക്കുന്ന സംവാദാത്മക വിചാരങ്ങള്‍ക്ക് പകരം യാന്ത്രിക യുക്തിയുടെ അതിവൈകാരിക പ്രകടനങ്ങള്‍ പൊതുമനസ്സുകളിലേക്ക് എത്തുന്നതിന്റെ ആഘാതം വളരെ വലുതാണെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്. തെറ്റായ പ്രവണതകളോട് പരസ്യമായി ഉടന്‍ പ്രതികരിക്കുകയും തെറ്റെന്ന് ബോദ്ധ്യം വന്നാല്‍ അത് തിരുത്തി മുന്നോട്ട് പോകുന്നതിന് തയ്യാറാകുകയും ചെയ്യുന്നതിനേക്കാള്‍ ഒട്ടും മേന്മയുള്ള പ്രവൃത്തികളല്ല ഒളിച്ചിരുന്നുള്ള വിളംബരങ്ങള്‍.

വാല്‍കഷ്ണം : ആരൊക്കെ കണ്ടു എന്നോ തിരിച്ചറിഞ്ഞു എന്നോ ഉറപ്പില്ല. ടി ഡി രാമകൃഷ്ണന്‍ ആ വേദിയിലുണ്ടായിരുന്നു. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ മലയാളത്തിന്റെ സര്‍ഗ്ഗാത്മക പ്രക്രിയയെ തന്നെ തലകീഴായി മറിച്ചിട്ട ഒരു അസാമാന്യ പ്രതിഭയും ഇന്നും സജീവമായി എഴുത്തില്‍ നില്‍ക്കുന്നയാളുമാണ് അദ്ദേഹം. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ ആരും കണ്ടതായി തോന്നിയില്ല.