Reading Time: 3 minutes

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിട്ട്യുട്ടിലെ ജാതി വിവേചനുമായി ബന്ധപ്പെട്ട വിവാദത്തിനും ദേശാഭിമാനിയുടെ  80ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നല്‍കിയ ദേശാഭിമാനി പുരസ്‌കാരത്തിനും തമ്മിലെന്ത് എന്ന ചോദ്യത്തിന് പ്രത്യക്ഷത്തില്‍ അനുബന്ധമെന്ന്‌ തോന്നിയേക്കാം. ഒരു പക്ഷെ നിഷ്‌കളങ്കര്‍ക്ക് അതൊരു അനാവശ്യ താരതമ്യമെന്നും തോന്നിയേക്കാം. പക്ഷെ എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന് കുറിപ്പെഴുതി വെച്ച് ഏഴ് വര്‍ഷം മുമ്പ് ഇവിടം വിട്ട് പോയ രോഹിത് വെമുലയുടെ ഇരുണ്ട ഓര്‍മ്മകളില്‍ ഒരു ദിനം കൂടി കടന്ന് പോകുമ്പോള്‍ വിവേചനവുമായി ബന്ധപ്പെട്ട ഏത് താരതമ്യത്തിനും രാഷ്ട്രീയ ഗന്ധമുണ്ടായിരിക്കും.

ഇവിടെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിട്ട്യുട്ടിലെ ജാതി വിവേചത്തിനും ദേശാഭിമാനി പുരസ്‌കാരത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം അവാര്‍ഡ് കൊണ്ട്‌ പുരസ്‌കൃതനായ അടൂര്‍ ഗോപാലകൃഷ്ണനാണ്. മലയാള സിനിമയിലെ അതികായന്‍ എന്നും മലയാള സിനിമയെ ലോകത്തികവാര്‍ന്നതാക്കി മാറ്റിയ പ്രതിഭയെന്നും അടൂര്‍ ഗോപാലകൃഷ്ണനെ വിശേഷിപ്പിക്കുന്നതില്‍ എതിരഭിപ്രായം ഉണ്ടാകേണ്ടതില്ല. എന്നാലത് അടൂരെന്ന പ്രതിഭയുടെ നിലപാടുകളെ ജനാധിപത്യപരമായി പരിശോധിക്കുന്നതില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ശേഷിയുള്ളതല്ല. കെആര്‍നാരായണന്‍ ഇന്‍സ്റ്റിട്ട്യുട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പറ്റിയും ആ സമരത്തെ പറ്റിയും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് രണ്ടും മൂന്നും മാസം സമരം ചെയ്യാന്‍ സമയം കിട്ടുന്നത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ പോകില്ല. ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരേ ജാതി വിവേചനം ഉന്നയിച്ച സ്ത്രീ തൊഴിലാളികളെ പറ്റി പറഞ്ഞത് അവര്‍ മാധ്യമങ്ങള്‍ മുന്നില്‍ പരാതി പറഞ്ഞ് സ്റ്റാറായി എന്നും ഡബ്ല്യുസിസി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങിയാണ് അവര്‍ നടക്കുന്നത് എന്നുമാണ്. വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനമുന്നയിച്ച ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നല്ല കുടുംബത്തില്‍ പിറന്നയാളാണ് എന്നും അടൂര്‍ പറഞ്ഞു.

ഈ മൂന്ന് അഭിപ്രായങ്ങള്‍ വലിയ ആത്മവിശ്വാസത്തോടെ ഈ കേരളത്തോട് ഉറപ്പിച്ച് വിളിച്ച് പറഞ്ഞ അടൂരിന് കേരളത്തിലെ ഏറ്റവും വലിയ വിപ്ലവ പാര്‍ട്ടിയുടെ മുഖപത്രം അവാര്‍ഡ് നല്‍കിയതിലെ ചില അസ്വാഭാവികതകളാണ് ആദ്യ ഉന്നയിച്ച ചോദ്യത്തിന് കാരണം. പഠിക്കാന്‍ വന്നാല്‍ പഠിച്ചാല്‍ മതി സമരം ചെയ്യേണ്ടതില്ല എന്ന അഭിപ്രായമാണോ സമരം ചെയ്തും അടി കൊണ്ടും ചോര ചിന്തിയും പ്രസ്ഥാനം കെട്ടിപ്പടുത്ത സിപിഎമ്മിനും ദേശാഭിമാനിക്കുമുള്ളത്. ശുചീകരണ തൊഴിലാളികള്‍ ഡബ്ല്യു സി സി ക്കാരെ പോലെ ഉടുത്തൊരുങ്ങി ടി വിക്ക് മുന്നിലെത്തി അഭിപ്രായം പറഞ്ഞ് സ്റ്റാറായി എന്ന പ്രസ്താവനയില്‍ സ്ത്രീവിരുദ്ധമായതൊന്നുമില്ല എന്ന് സിപിഎമ്മിനും ദേശാഭിമാനിക്കും ഉറപ്പ് തന്നെയാണോ.

മൂന്നാമത്തേത്‌ മറ്റൊരു പ്രധാന പ്രസ്താവനയാണ്. ശങ്കര്‍ മോഹന്‍ കുലീന കുടുംബത്തില്‍ പിറന്നയാള്‍ എന്നാണ് അടൂര്‍ പറഞ്ഞത്. കുലീന കുടുംബം
എന്നത് കൊണ്ട് എന്താണ് അടൂര്‍ ഉദ്ദേശിച്ചത് എന്ന് കുറഞ്ഞത് സിപിഎമ്മിനെങ്കിലും മനസ്സിലായോ എന്നതാണ് പ്രശ്‌നം. കേരളത്തിലെ പൊതു സമൂഹത്തിന് അതില്‍ നിന്ന് മനസ്സിലായത് ജാതി അധിക്ഷേപം തന്നെയെന്നാണ്. കാരണം ശങ്കര്‍ മോഹന്‍ എന്ന് സവര്‍ണ്ണന്‍ ദളിത് വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും ജാതി പറഞ്ഞും പ്രകടിപ്പിച്ചും പെരുമാറുന്നു എന്ന ആരോപണത്തിന്റെ മറുപടിയാണ് അടൂര്‍ പറഞ്ഞ കുലീന കുടുംബം എന്ന സങ്കല്‍പ്പം. അത് കൊണ്ടുതന്നെ അത് ജാതി പരമാര്‍ശമാണ് എന്ന് തീര്‍ച്ചപ്പെടുത്താന്‍ ഇന്ന് മലയാളി കഴിക്കുന്ന അരിയാഹാരം തന്നെ അമിതമാണ്.

ജാതി അധിക്ഷേപത്തിനും വിവേചനത്തിനും കുട പിടിച്ച് കൊണ്ടൊരാള്‍ വിമര്‍ശനങ്ങളുടെ മുനയില്‍ നില്‍ക്കുമ്പോള്‍ ആ വിഷയത്തെയും അതിന്റെ ഉള്ളടക്കത്തെയും പറ്റി ആഴത്തില്‍ പരിശോധിച്ച്‌ ഉടനടി നടപടി എടുക്കേണ്ടതിന് പകരം കമ്പോട് കമ്പ്‌ അടൂരെന്ന വ്യക്തിയെ മഹത്വവത്കരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ദേശാഭിമാനിയും എം എ ബേബിയും ചെയ്തത്. പ്രിയ സഖാക്കളെ സന്ദര്‍ഭങ്ങള്‍ക്ക് രാഷട്രീയത്തില്‍ വലിയ പ്രസ്‌കതിയുണ്ട്. ചില തീരുമാനങ്ങളെക്കാള്‍ അവ എടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ക്കാണ് കൂടുതല്‍ പ്രസക്തി. ഇവിടെ അതെന്ത് കൊണ്ടാണ് സിപിഎമ്മും ദേശാഭിമാനിയും മറന്ന് പോയത്. അടൂരിന്‌ പുരസ്‌കാരം നല്‍കിയത് നമ്മുടെ വിഷയമേയല്ല. അടൂര്‍ പുരസ്‌കൃതനാകേണ്ടയാളുമാണ് എന്നതിലും സംശയമില്ല. ഒരിക്കല്‍ പോലും ഇടത് പക്ഷ പ്രസ്ഥാനം ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയത്തിന്‌ തന്റെ സിനിമയില്‍ പ്രകീര്‍ത്തന സ്വഭാവത്തോടെ തന്റെ സിനിമയില്‍ ഒരിടം നല്‍കാന്‍ സമയം കണ്ടെത്തിയിട്ടില്ലാത്ത അടൂര്‍ ഗോപാലകൃഷ്ണനന് തുറന്ന മനസ്സോടെ അവാര്‍ഡ് നല്‍കുന്നതും അംഗീകരിക്കപ്പെടേണ്ടതാണ്. പക്ഷെ അതിന് ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് മുഴുവനും എതിരെയുള്ള ജാതി അധിക്ഷേപത്തിന്റെയേും വിദ്യാര്‍ത്ഥി വിരുദ്ധ പരാമര്‍ശത്തിന്റെയും പേരില്‍ വിമര്‍ശന ശരമേറ്റു വാങ്ങുന്ന ഒരാളെ ആ സമരം കത്തി നില്‍ക്കുന്ന വേളയില്‍ തന്നെ ഇത്രയും മഹത്വവല്‍കരിക്കുന്നതില്‍ രാഷ്ട്രീയം കാണാതിരിക്കാന്‍ മാത്രം അന്ധരല്ല മലയാളികള്‍.

ആദരവിന്റെ ആരോഹണ ശ്രേണിയും അവഹേളനത്തിന്റെ അവരോഹണ ശ്രേണിയും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹമാണ് ഇന്ത്യന്‍ സമൂഹമെന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ അംബേദ്കറാണ്. സമ്പൂര്‍ണ്ണമായും ജാതിയില്‍ ആണ്ട് മുങ്ങി നില്‍ക്കുന്ന സമൂഹമെന്നാണ് അതിന്റെ അര്‍ത്ഥം. അറിവിന്റെ വിശ്വപ്രപഞ്ചത്തെ അഭിസംബോധന ചെയ്ത് ഇവിടെ വിട്ട് പോയ രോഹിത് വെമുലയും ജാതിയോട് അജ്ഞത നടിക്കുന്നവരെ തന്റെ ‘കാസ്റ്റ് മാറ്റേഴ്‌സ്’ എന്ന പുസ്തകത്തിലുടെ കൊക്കുണ്‍ ജന്മങ്ങളെന്ന് പരിഹസിച്ച ദളിത് എഴുത്തുകാരനും അക്കാദമിക അറിവിന്റെ വന്‍കരകള്‍ താണ്ടിയ പ്രതിഭയുമായ സൂരജ് യെങ്‌ഡേയും അനേകായിരങ്ങള്‍ക്കൊപ്പം നമ്മോട് ദളിത് യുവാക്കളുടെ പ്രതിനിധികളായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിട്ട്യുട്ടിലെ വിദ്യാര്‍ത്ഥികളും പറയുന്നത് എന്ന് മനസ്സിലാക്കാന്‍ അല്‍പ്പം പോലും അതിബുദ്ധി വേണ്ട.

ഭാവി മുഖ്യമന്ത്രിയായി കരുതുന്നയാളെ തറവാടി നായരെന്ന് ഒരു സമുദായ നേതാവ് വിശേഷിപ്പിച്ചിട്ട് അതില്‍ അല്‍പ്പം പോലും ജാതി കാണാനോ അതേ പറ്റി പറയണമെന്ന് തോന്നുകയോ ചെയ്യാത്ത സിപിഎമ്മും ദേശാഭിമാനിയും അടൂരിന്റെ പ്രസ്താവനകളില്‍ അത് കാണാതിരുന്നതില്‍ അത്ഭുതമില്ല എന്ന മാത്രം സമാധാനിക്കാം.

Advertisement