Tue. Apr 23rd, 2024
കണ്ണൂർ:

കാൽനടയാത്രികർക്ക് വാരിക്കുഴി ഒരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ നടപ്പാതകൾ. ഫോണിൽ നോക്കിയോ കടയുടെ ബോർഡ് നോക്കിയോ നടന്നാൽ ഉറപ്പായും കാലൊടിയും.
ആഴത്തിലുള്ള ഈ ‘വാരിക്കുഴി’കളിൽ കാൽ പെട്ടാൽ അപകടം ഉറപ്പാണ്.

നഗരത്തിന്‍റെ പ്രധാനപ്പെട്ടതും ജനത്തിരക്കേറിയതുമായ പ്ലാസ ജങ്ഷൻ, ബാങ്ക് റോഡ്, കാൽടെക്സ് ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്ലാബുകൾ തകർന്നിരിക്കുന്നത്. മാസങ്ങളായി തകർന്ന ഇവർ മാറ്റിസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത അവസ്ഥയാണ്. കോർപറേഷൻ, പിഡബ്ല്യൂഡി, ദേശീയപാത വിഭാഗം എന്നിവ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ പരസ്പരം പഴിചാരുകയാണ്.

കഴിഞ്ഞദിവസം എൻ എസ് ടാക്കീസിന് സമീപം തകർന്ന സ്ലാബിൽ കാൽ കുരുങ്ങി വയോധികന് പരിക്കേറ്റിരുന്നു. മഴക്കാലമായാൽ ഇതിലൂടെ മലിനലം പുറത്തേക്കൊഴുകി റോഡിൽ പരക്കുന്നസ്ഥിതിയാകും.
സ്ലാബുകൾ ഉടൻ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. തകർന്ന സ്ലാബുകളിൽ ചിലയിടങ്ങളിൽ തുരുമ്പിച്ച കൂർത്ത കമ്പികൾ തള്ളിനിൽക്കുന്നതും അപകടം ഇരട്ടിയാക്കുന്നു.