Sun. Dec 22nd, 2024
കാഞ്ഞങ്ങാട് :

താഴെ നിന്നു നോക്കിയാൽ നഗരം ക്ലീനാണ്. ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ കയറി പരിശോധിച്ചാൽ മാലിന്യക്കൂമ്പാരം. കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ കെട്ടിടത്തിന് മുകളിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചിരുന്നു.

ഇതിനെ തുടർന്ന് ഇന്നലെ അഗ്നിരക്ഷാ സേനാ നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യക്കൂമ്പാരത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്. നഗരത്തിലെ 10 കെട്ടിടങ്ങളാണ് അഗ്നിരക്ഷാ സേന പരീക്ഷാണാർഥം മിന്നൽ പരിശോധന നടത്തിയത്. ഇതിൽ മിക്ക കെട്ടിടങ്ങളുടെയും മുകളിൽ കണ്ടത് മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ്.

താഴെ ക്ലീൻ സിറ്റിയെന്ന് മേനി നടിക്കുമ്പോഴാണ് നഗരത്തിലെ കെട്ടിടത്തിന്റെ മേൽഭാഗങ്ങൾ ചീഞ്ഞു നാറുന്നത്. ഹരിത കർമ സേന വഴി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശേഖരിക്കുമ്പോഴാണ് നഗരത്തിലെ കെട്ടിടങ്ങൾ മാലിന്യക്കൂമ്പാരമാകുന്നത്.  നഗരം ശുചിയാക്കാൻ കാണിക്കുന്ന ആവേശം നഗരസഭ കെട്ടിടങ്ങൾ പരിശോധിക്കുന്നതിൽ കാണിക്കാത്തതും മാലിന്യം തള്ളാൻ പ്രേരണയാകുന്നു.

ബിയർ കുപ്പികൾ, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് മിക്ക കെട്ടിടങ്ങളുടെയും മുകളിൽ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്മൃതി മണ്ഡപത്തിന് ഹോട്ടല്‍ കെട്ടിടത്തിന് മുകളിൽ തള്ളിയ മാലിന്യത്തിന് തീപിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

കെട്ടിടത്തിന് മുകളിൽ വച്ച് മാലിന്യം കത്തിക്കുന്നതും നഗരത്തിൽ വ്യാപകമാണ്. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയം ഓഫിസർ പി വി പവിത്രന്റെ നേതൃത്വത്തിലാണ് കെട്ടിടങ്ങൾക്ക് മുകളിൽ പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ ചവിട്ടു പടികളിൽ പോലും മാലിന്യം തള്ളുന്നതായി പരിശോധനയിൽ കണ്ടെത്തി. അഗ്നിസുരക്ഷാ സംവിധാനം ഇല്ലാത്ത കെട്ടിടങ്ങളും പരിശോധനയിൽ കണ്ടെത്തി.