Fri. Apr 19th, 2024
ഫറോക്ക്‌:

കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം  ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് റെസ്റ്റോറന്റ് നിർമിക്കുക. മിനി കിച്ചൻ, ടോയ്‌ലറ്റ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഐഐടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത്. ജൂണിൽ നിർമാണം ആരംഭിച്ച് ഒമ്പതു മാസത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നുനൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ അതികായരായ കേരള ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെയാണ് നിർമാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.