Wed. Nov 6th, 2024
ന്യൂഡൽഹി:

ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ദില്ലി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ ദില്ലിയിൽ പേര് മാറ്റൽ വിവാദം. മുഗൾഭരണക്കാലത്തെ സ്ഥലപ്പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി ഘടകം രംഗത്തെത്തി. തെക്കൻ ദില്ലിയിലെ മുഹമ്മദ്‌പൂർ, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

ദില്ലി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയും ബിജെപി നേതാക്കളും മാധവപുരത്തേക്ക് സ്വാഗതം എന്ന ബോര്‍ഡും സ്ഥാപിച്ചു. എന്നാൽ പേര് മാറ്റം ദില്ലി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്ഥാന നാമകരണ അതോറിറ്റി അംഗീകാരം ലഭിച്ചാല്‍ മാത്രമേ റോഡുകൾക്കും ഗ്രാമങ്ങള്‍ക്കും പേര് മാറ്റം നടപ്പാകൂ.

അതേസമയം, ദില്ലിയിലെ  40 സ്ഥലങ്ങളുടെ പേരുകൾ കൂടി മാറ്റണമെന്ന്  ആവശ്യപ്പെട്ട്  ബിജെപി സംസ്ഥാനഘടകം ദില്ലി സർക്കാരിന് കത്തയച്ചു. ഹൗസ് ഖാസ്, ബീഗംപൂർ, ഷെയ്ഖ് സറായ് എന്നിവയുൾപ്പെടെ 40 സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാണ് ആവശ്യം. അടിമത്വത്തിന്റെ ബാക്കിപ്പത്രമാണ് ഈ പേരുകളെന്നും നാട്ടുകാർ ഇത് ആവശ്യപ്പെടുന്നുവെന്നും കത്തിൽ ബിജെപി അവകാശപ്പെടുന്നു. ദില്ലിയിൽ മുനസിപ്പിൽ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പേരുമാറ്റം ബിജെപി ചർച്ചയാക്കുന്നത്.