Sun. Dec 22nd, 2024

പുൽപ്പള്ളി:

കർണാടക അതിർത്തി ഗ്രാമങ്ങളായ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, വരവൂർ, കൊളവള്ളി ഭാഗങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ വിലസുന്നു. കർണാടക വനത്തിൽനിന്ന് കബനി നദി കടന്നാണ്‌ ജില്ലയിലേക്ക്‌ ആനകൾ വരുന്നത്‌. അശാസ്ത്രീയവും വികലവുമായ തൂക്ക് വേലി നിർമാണമാണ്‌ ഇവയ്‌ക്ക്‌ കൃഷിയിടത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കിയത്‌.
 
ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് പെരിക്കല്ലൂർ–മാടപ്പള്ളിക്കുന്ന് 16 കിലോമീറ്റർ ദൂരം തുക്കുവേലി നിർമാണം ആരംഭിച്ചത്‌. ബലം കുറഞ്ഞ സിമന്റ് കാലുകളിൽ നേരിയ വണ്ണമുളള കമ്പികൾ കൊണ്ടാണ് വേലി നിർമാണം. സോളാർ പാനലിൽനിന്ന് വോൾട്ടേജ് കുറഞ്ഞ വൈദ്യുതി കടത്തിവിടുന്നതിനാൽ ആനകളെ പ്രതിരോധിക്കാൻ കഴിയില്ല.

വേലി നിർമാണം വിലയിരുത്താൻ ജനകീയ കമ്മിറ്റികളും രൂപീകരിച്ചിട്ടില്ല.വേലി പുനർ നിർമിക്കണമെന്നും വനാതിർത്തികളിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കണമെന്നുമാണ് ജനങ്ങളടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ വരവൂർ, മരക്കടവ്  ഭാഗങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ തൂക്കുവേലികൾ പലയിടത്തും തകർത്തു. ബാബു മോരുകുന്നേൽ, ജോസ് കാരക്കാട്ട്, ജെയിംസ് വല്ലയിൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വൻ നഷ്ടവുമുണ്ടാക്കിയിട്ടുണ്ട്.