യാംഗോൻ:
മ്യാന്മറിൽ സൈനിക ഭരണകൂടം അധികാരത്തിൽനിന്ന് പുറത്താക്കിയ ജനകീയ നേതാവ് ഓങ്സാൻ സൂചിക്കെതിരായ അഴിമതി കേസിൽ സൈന്യം ഭരിക്കുന്ന മ്യാന്മറിലെ കോടതി വിധിപറയുന്നത് ഒരു ദിവസം നീട്ടി. ചൊവ്വാഴ്ച തലസ്ഥാനമായ നയ്പിഡാവിലെ കോടതി മാറ്റിവെക്കുകയായിരുന്നു.
എന്നാൽ, നീട്ടാനുള്ള കാരണം കോടതി വ്യക്തമാക്കിയില്ല. യാംഗോണിലെ മുൻ മുഖ്യമന്ത്രി സോ മിൻ ടുണിൽനിന്ന് 6,00,000 ഡോളർ പണമായും സ്വർണക്കട്ടികളായും സൂചി കൈക്കൂലി വാങ്ങിയെന്ന കേസിലെ വിധിപറയലാണ് നീട്ടിയത്. 15 വർഷമോ കൂടുതലോ തടവുശിക്ഷ ലഭിച്ചേക്കാം. 10 അഴിമതി ആരോപണങ്ങളാണ് 76 കാരിയായ സൂചിക്കെതിരെയുള്ളത്.
ഓരോന്നിനും 15 വർഷം തടവ് ശിക്ഷ ലഭിക്കാം. നിലവിൽ മറ്റ് കേസുകളിൽ ആറ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സൈനിക സർക്കാർ അടുത്ത വർഷം തെരഞ്ഞെടുപ്പിന് പദ്ധതിയിടുന്നതായ റിപ്പോർട്ടുകളുള്ളതിനാൽ അതിൽനിന്ന് ഒഴിവാക്കാനാണെന്നാണ് ആരോപണം.