കോഴിക്കോട് ജനവാസ മേഖലയായ കോതിയില്‍ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സ്ത്രീകൾ അടക്കമുള്ള നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു.
ദുര്‍ഗന്ധമോ പരിസര മലിനീകരണമോ ഒന്നുമില്ലാതെ മലിന ജലം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. കോഴിക്കോട് കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റും, ആവില്‍ക്കല്‍ തോടില്‍ ഏഴു ദശലക്ഷം ശേഷിയുള്ള പ്ലാന്റും നിര്‍മ്മിക്കാനുമാണ് കോര്‍പ്പറേഷൻ അനുമതി ലഭിച്ചത്. അമൃത് പദ്ധതിയില്‍ ഫണ്ടും വകയിരുത്തിയിട്ടുണ്ട്.
നഗര തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ പദ്ധതി ഉപകാരപ്രദമാണെന്നും, അനുമതി ലഭിച്ച പദ്ധതി നടപ്പാക്കാതിരുന്നാല്‍ അമൃത് പദ്ധതിയില്‍ കോര്‍പ്പറേഷന് പിന്നീട് ഇടം ലഭിക്കാതെ വരുമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.
പ്ലാന്റുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച മലീന ജല പ്ലാന്റ് നാട്ടുകാരുള്‍പ്പെടെയുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജീഷ് കുമാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചും നല്‍കിയിരുന്നു. അമൃത് പദ്ധതി പ്രകാരമായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷന് വേണ്ടി കേരളാ വാട്ടര്‍ അതോറിറ്റി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിച്ചത്.