Thu. Apr 18th, 2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. സിനിമാ മേഖലയില്‍ നിന്നും മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന സഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് വെച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ ഇവർ സമർപ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവർ വ്യാപകമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിനിടെ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി, ഹേമ കമ്മിഷന്‍ എന്നവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിന്റെ കരട് തയ്യാറായതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മാണത്തിന് മുന്‍പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ വാദം.