Fri. Nov 22nd, 2024

“ട്വിറ്ററിന് അസാധാരണമായ കഴിവുണ്ട്. ഞാൻ അത് അൺലോക്ക് ചെയ്യും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഓഫർ നൽകിയതിന് ശേഷം ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലർക്ക് അയച്ച കത്തിൽ എലോൺ മസ്‌ക് പറഞ്ഞ വാക്കുകളാണിത്. 

ഏകദേശം ഒരു മാസത്തെ ഊഹാപോഹങ്ങൾക്കും നാടകീയതകൾക്കും ശേഷം ട്വിറ്ററിനെ അമേരിക്കന്‍ വാഹന ഭീമനായ ടെസ്‍ലയുടെ സ്ഥാപകൻ എലോൺ മസ്‌ക് ഏറ്റെടുക്കാൻ തീരുമാനമായി. ഓഹരിയൊന്നിന് 54.20 ഡോളർ എന്ന കണക്കിൽ 4400 കോടി ഡോളർ നൽകിയാണ് അദ്ദേഹം ട്വിറ്ററിനെ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ധനികൻ, കമ്പനിയിൽ തന്റെ ഓഹരികൾ പതുക്കെ കെട്ടിപ്പടുത്തി, മൈക്രോബ്ലോഗിംഗ് സൈറ്റിലെ ഭൂരിപക്ഷ വ്യക്തിഗത ഓഹരി ഉടമയായി മാറുകയും ഒടുക്കം കമ്പിനി ഏറ്റെടുക്കുകയുമായിരുന്നു. 

ഇലോണ്‍ മസ്‌കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയായി ട്വിറ്റര്‍ മാറുന്നതോടെ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ലോകമിപ്പോൾ സംസാരിക്കുന്നത്. ട്വിറ്ററിൽ നിരവധി മാറ്റങ്ങൾക്ക് വേണ്ടി വാദിച്ചിരുന്ന വ്യക്തി എന്ന നിലയിൽ, അന്ന് ആവശ്യപ്പെട്ട മാറ്റങ്ങൾ ഇനി പ്രാബല്യത്തിൽ വരുത്തുമെന്നാണ് കരുതുന്നത്. മസ്‌ക് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരികൾ നേടിയപ്പോൾ തന്നെ ട്വിറ്റർ പ്ലാറ്റ്ഫോമിലെ തനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ ചൂണ്ടികാട്ടുകയും, വർഷങ്ങളായി ട്വിറ്ററിന്റെ  പ്രവർത്തനരീതിയിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തന്റെ 83 ദശലക്ഷം ഫോളോവേഴ്‌സിനോട് വോട്ടിങ്ങിലൂടെ അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.

ട്വിറ്റർ ഏറ്റെടുത്തുന്നതിനു ശേഷം അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റിൽ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന് അതീതമായ ഏത് തരത്തിലുള്ള സെൻസർഷിപ്പിനും താൻ എതിരാണെന്ന് അവകാശപ്പെടുന്ന ഒരു പുതിയ ട്വീറ്റിൽ അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ നിയമവുമായി പൊരുത്തപ്പെടുന്നതിനെയാണ് അർത്ഥമാക്കുന്നത്.

“സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരിൽ നിന്നുള്ള തീവ്രമായ ആന്റിബോഡി പ്രതികരണം എല്ലാം പറയുന്നുണ്ട്. “സ്വാതന്ത്ര്യം” എന്നതുകൊണ്ട്, നിയമവുമായി പൊരുത്തപ്പെടുന്നതിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. നിയമത്തിന് അതീതമായ സെൻസർഷിപ്പിന് ഞാൻ എതിരാണ്. ആളുകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം കുറയണമെങ്കിൽ, അതിനായി നിയമങ്ങൾ പാസാക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെടും. അതിനാൽ, നിയമത്തിന് അതീതമായി പോകുന്നത് ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമാണ്, ”അദ്ദേഹം തന്റെ ട്വിറ്റർ ഫീഡിൽ കുറിച്ചു.

ട്വിറ്റർ ഒരു ആഗോള സേവനമായതിനാൽ, ഓരോ രാജ്യത്തിന്റെയും നിയമങ്ങളാൽ ‘നിർവചിക്കപ്പെട്ട’ അഭിപ്രായ സ്വാതന്ത്ര്യം എന്ന ആശയം പിന്തുടരേണ്ടതുണ്ട്, കുറഞ്ഞത് ഒരാൾ ഇപ്പോൾ മസ്‌കിന്റെ നിർവചനം അനുസരിച്ച് പോകുകയാണെങ്കിൽ. പല രാജ്യങ്ങളിലെയും നിയമം ചില തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളെ നിരോധിക്കുകയോ നിയമവിരുദ്ധമായി കണക്കാക്കുകയോ ചെയ്യണമെന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ ട്വിറ്റർ അത്തരം പ്രസംഗം ‘നിരോധിക്കുമോ’ എന്നത് വ്യക്തമല്ല. മസ്‌കിന്റെ കീഴിലായതിനാൽ ‘സെൻസർഷിപ്പ്’ എങ്ങനെ കൈകാര്യം ചെയ്യാൻ ട്വിറ്റർ പദ്ധതിയിടുന്നു എണ്ണത്തിലും വ്യക്തതയില്ല.

ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ച് മസ്‌ക് കഴിഞ്ഞ മാസം ഒരു വോട്ടെടുപ്പ് ട്വീറ്റ് ചെയ്തിരുന്നു. “പ്രവർത്തിക്കുന്ന ജനാധിപത്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്. ട്വിറ്റർ ഈ തത്വം കർശനമായി പാലിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഈ വോട്ടെടുപ്പിന്റെ അനന്തരഫലങ്ങൾ പ്രധാനമാണ്. ദയവായി ശ്രദ്ധയോടെ വോട്ട് ചെയ്യുക” എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതിൽ 70 ശതമാനത്തിലധികം ഉപയോക്താക്കൾ “ഇല്ല” എന്നാണ് വോട്ട് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ അനുവദീയനിയമായതും അല്ലാത്തതുമായ വിഷയങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇത് വിലങ്ങുതടിയാണെന്ന് മസ്‌ക് പറയുന്നു.

‘ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് സംസാര സ്വാതന്ത്ര്യം. കൂടാതെ മാനവികതയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നം മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും സംവേദനം ചെയ്യാന്‍ അനുവദിക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്ന് അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

ഓഹരി ഉടമയാകുന്നതിന് മുമ്പ് തന്നെ ട്വിറ്ററിൽ എഡിറ്റ് ഫീച്ചർ അവതരിപ്പിക്കാൻ എലോൺ മസ്‌ക് നിർദ്ദേശിച്ചിരുന്നു. അടുത്ത കാലത്തു പോലും ഇതിനായി അദ്ദേഹം സമ്മർദം ചെലുത്തിയിരുന്നു. ഏപ്രിൽ 5 ന് “നിങ്ങൾക്ക് ഒരു എഡിറ്റ് ബട്ടൺ വേണോ?”യെന്ന് അദ്ദേഹം തന്റെ ഫോള്ളോവേഴ്‌സിനോട് ചോദിച്ചിരുന്നു.  നാല് ദശലക്ഷത്തിലധികം ആളുകളാണ് മസ്കിന്റെ ഈ ചോദ്യത്തിനോട് പ്രതികരിച്ചത്. ഇതിൽ 73.6 ശതമാനം ഉപയോക്താക്കളും എഡിറ്റ് ബട്ടൺ വേണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു. നിലവിൽ ഒരു വട്ടം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ തിരുത്തുവാനുള്ള ഓപ്ഷൻ ഇല്ല. അതുകൊണ്ട് തന്നെ ഇതിനുള്ള സംവിധാനം എലോൺ മസ്‌ക് നടപ്പിലാക്കുമെന്നാണ് കരുതുന്നത്. 

ഏതാനും ആഴ്ചകൾക്ക് മുമ്പ്, പ്രീമിയം ഫീച്ചറുകളിലേക്കും ഇഷ്‌ടാനുസൃതമാക്കലുകളിലേക്കും ആക്‌സസ് വാഗ്ദാനം ചെയ്യുന്ന പണമടച്ചുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായ ട്വിറ്റർ ബ്ലൂയ്‌ക്കായി മസ്ക് ചില പ്രധാന നിർദ്ദേശങ്ങൾ കൊണ്ടുവന്നിരുന്നു. ട്വിറ്റർ ബ്ലൂവിൽ സൈൻ അപ്പ് ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും അവരെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഒരു അധികാരികമായ ചെക്ക്മാർക്ക് (അടയാളം) നൽകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് “ഔദ്യോഗിക അക്കൗണ്ട്”കൾക്ക് നൽകുന്ന ബ്ലൂ ടിക്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. കൂടാതെ പരസ്യങ്ങളൊന്നും പാടില്ലെന്നും, ട്വിറ്റർ പരസ്യ പണത്തെ ആശ്രയിക്കുകയാണെങ്കിൽ, പരസ്യങ്ങൾക്കൊപ്പം, കോർപ്പറേഷനുകൾക്കും നയത്തിൽ അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.         

സമയപരിധിക്ക് ശേഷം സബ്‌സ്‌ക്രിപ്‌ഷൻ പണമടച്ച് പുതിക്കിയില്ലെങ്കിൽ, ചെക്ക് മാർക്ക് ഇല്ലാതാക്കണം. അല്ലെങ്കിൽ ബോട്ടുകളും സ്‌കാമർമാരും കുറച്ച് മാസത്തേക്ക് സൈൻ അപ്പ് ചെയ്യാൻ സാധ്യതയുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യാനുള്ള തുക ഒരു മാസം ഏകദേശം $2 ആയിരിക്കുകയും, ഒരു വർഷത്തെ ഫീസ് മുൻകൂറായി നൽകുകയും വേണം. പണമിടപാട് നടത്തിയ പരിശോധനകൾ പൂർത്തിയാക്കി ഒരു രണ്ട് മാസത്തിനു ശേഷം മാത്രമേ ചെക്ക് മാർക്ക് നൽകാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിൻ വഴി ട്വിറ്റർ ബ്ലൂ സേവന പേയ്‌മെന്റുകൾ നടത്താമെന്നും മസ്‌ക് നിർദ്ദേശിച്ചിരുന്നു. കൂടാതെ 2020ൽ മസ്കിന്റെ ക്രിപ്‌റ്റോ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിപ്‌റ്റോകറൻസി അഴിമതികൾ കണ്ടെത്താനുള്ള മാർഗം കൂടി മസ്‌ക് പരിഗണിക്കുമെന്ന് കരുതുന്നത്. 

സാൻ ഫ്രാൻസിസ്കോയിലുള്ള ട്വിറ്ററിന്റെ ആസ്ഥാനം ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി മാറ്റണോ എന്ന് മറ്റൊരു വോട്ടെടുപ്പിൽ മസ്‌ക് ഉപയോക്താക്കളോട് ചോദിച്ചിരുന്നു. കോവിഡിനെ തുടർന്ന് ട്വിറ്റർ ജീവക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയതിനാൽ ഈ ഓഫീസുകളിൽ ഇപ്പോൾ അധികം ജീവനക്കാരില്ല. ഒരു ദിവസം കൊണ്ട് ദശലക്ഷത്തിലധികം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ  90 ശതമാനത്തിലധികം പേരും “അതെ” എന്നായിരുന്നു പറഞ്ഞിരുന്നത്. 

“പൊതു വ്യവഹാരത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ‘ട്വിറ്റർ അൽഗോരിത’ത്തിലെ യഥാർത്ഥ പക്ഷപാതത്തെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം?, ”2022 മാർച്ച് അവസാനം അദ്ദേഹം ഇത്തരത്തിലൊരു കാര്യം ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് മാർച്ച് 24 ന് മറ്റൊരു വോട്ടെടുപ്പിൽ ട്വിറ്ററിന്റെ അൽഗോരിതം ഓപ്പൺ സോഴ്‌സ് ആയിരിക്കണമോയെന്ന് ഇലോൺ മസ്‌ക് ചോദിച്ചിരുന്നു. 83 ശതമാനത്തോളം ആളുകളും വേണമെന്നായിരുന്നു വോട്ട് ചെയ്തിരുന്നത്. ട്വിറ്റർ ഉപയോക്താക്കൾക്ക് തങ്ങളുടെ ട്വീറ്റുകൾ തരംതാഴ്ത്തുകയോ പ്രമോട്ടുചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് കാണാനാവുന്ന സംവിധാനം ഉണ്ടാക്കണമെന്ന് മസ്‌ക് ഇതിനു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ട്വിറ്റര്‍ ഒരു സമയത്ത് വ്യത്യസ്ത ട്വീറ്റുകള്‍ എങ്ങനെ റാങ്ക് ചെയ്യുന്നു, അത് മറ്റ് ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം എങ്ങനെ വിതരണം ചെയ്യുന്നു, ചില ട്വീറ്റുകള്‍ എങ്ങനെ കൂടുതല്‍ വ്യാപിക്കുന്നു, ചിലത് എവിടെയും പോകാത്തത് എങ്ങനെ, എന്തൊക്കെ ഘടകങ്ങള്‍ ഇവയെ സ്വാധീനിക്കുന്നു എന്നിവ ലോകം കാണണമെന്നും അറിയണമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. 

ട്വീറ്റുകളിലും വോട്ടിങ്ങിലുമായി മസ്ക് ഉയർത്തിയ നിർദേശങ്ങളിൽ എത്രയെണ്ണം പുതിയ ട്വിറ്ററിൽ എത്തുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്. എന്തായാലും ട്വിറ്റര്‍ മസ്ക് ഏറ്റെടുത്തു എന്ന വാർത്ത  പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയരുകയും, ടെസ്‌ലയുടെ ഓഹരികൾ ചൊവ്വാഴ്ച 12 ശതമാനത്തിലധികം ഇടിയുകയും ചെയ്തു. പണത്തിനു വേണ്ടിയല്ല,അഭിപ്രായ സ്വാതന്ത്ര്യം ലക്ഷ്യം വെച്ചുകൊണ്ടാണ് താൻ ട്വിറ്റർ വാങ്ങുന്നതെന്ന് എലോൺ മസ്‌ക് പറഞ്ഞെങ്കിലും, നഷ്ടത്തിലുള്ള ട്വിറ്റര് എങ്ങനെയാവും അദ്ദേഹം നടത്തിക്കൊണ്ട് പോവുക എന്നതും, എന്തൊക്കെ തന്ത്രങ്ങൾ ഇതിനായി കൊണ്ടുവരുമെന്നതും കാത്തിരുന്ന് തന്നെ അറിയണം.