Wed. Jan 22nd, 2025
തൊടുപുഴ:

ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യംതള്ളൽ നിർബാധം തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യങ്ങൾ രാത്രി വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നവരും ഏറെ.

പലയിടത്തും ദുർഗന്ധം കൊണ്ട് വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ മാലിന്യം തള്ളുന്നത് വർദ്ധിച്ചു. തൊടുപുഴ–പുളിയൻമല സംസ്ഥാന പാതയിൽ പെരുമറ്റത്തിനു സമീപവും പൈനാവിനും കുളമാവിനും ഇടയിലുള്ള വനമേഖലയിലും ഇതേ സ്ഥിതി തന്നെ.

വണ്ണപ്പുറം–ചേലച്ചുവട് റൂട്ടിൽ കമ്പകക്കാനം, വെൺമണി ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണ്. കോട്ടയം–കുമളി റോഡ്, കട്ടപ്പന–കുട്ടിക്കാനം സംസ്ഥാന പാത, കുമളി–മൂന്നാർ സംസ്ഥാന പാത എന്നീ റോഡുകളിൽ പലയിടങ്ങളിലും മാലിന്യം തള്ളിയിരിക്കുന്നതു കാണാം. പല സ്ഥലങ്ങളിലും ഇവിടെ മാലിന്യം തള്ളരുത് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു സമീപത്തു പോലും മാലിന്യങ്ങൾ കൂടിക്കിടക്കുന്ന കാഴ്ചയാണ്.

അറവുമാലിന്യം, പച്ചക്കറി–മത്സ്യ അവശിഷ്ടങ്ങൾ, പാനീയങ്ങളുടെ കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് റോഡരികുകളിൽ തള്ളുന്നതിലേറെയും. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലും മറ്റും കെട്ടി വഴിയരികിലും പുഴയിലുമൊക്കെ വലിച്ചെറിയുന്ന പ്രവണത കൂടിവരികയാണ്. മഴ നനഞ്ഞും അല്ലാതെയും ഈ കവറുകൾ പൊട്ടി മാലിന്യം ചിതറിക്കിടക്കുന്നത് പല റോഡുകളിലെയും സ്ഥിരം കാഴ്ചയായി.

അറവുമാലിന്യങ്ങളും മറ്റും തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്. മഴയത്ത് മാലിന്യങ്ങൾ ഒഴുകി ജലസ്രോതസ്സുകളിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പിടിക്കപ്പെട്ടാലും കർശന നടപടികൾ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം.

മാലിന്യ സംസ്കരണത്തിനു മതിയായ സംവിധാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യനീക്കവും സംസ്‌കരണവും ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നു ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. ജില്ലയിലെ ശുചിത്വപദവി നേടിയ പഞ്ചായത്തുകളിൽ പോലും പൊതുസ്ഥലത്തെ മാലിന്യംതള്ളൽ വീണ്ടും വർധിച്ചു വരികയാണ്.