തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലംഗ പേസ് നിരയെ മുൻനിർത്തിയാണ് പഞ്ചാബ് കിങ്സ് ചെന്നെ സൂപ്പർ കിങ്സിനെ നേരിട്ടത്. സന്ദീപ് ശർമ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ ഹിമാചൽ പ്രദേശ് ഓൾറൗണ്ടർ റിഷി ധവാനായിരുന്നു പുതുമുഖം. കഴിഞ്ഞ ഡിസംബറിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവുകാട്ടിയ റിഷിയുടെ മികവിൽ ഹിമാചൽ വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ടിരുന്നു.
ഈ പ്രകടന മികവ് കണ്ടറിഞ്ഞ പഞ്ചാബ് 55 ലക്ഷം രൂപ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റിഷിയുടെ പ്രകടനമല്ല ആരാധകർ ശ്രദ്ധിച്ചത്. ചെന്നൈക്കെതിരെ ‘സേഫ്റ്റി ഷീൽഡ്’ (മുഖാവരണം) ധരിച്ചായിരുന്നു റിഷി കളിക്കാനിറങ്ങിയത്.
മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പർ താരം ഹാരി കെയ്ൻ ഇത്തരത്തിൽ മുഖാവരണം ധരിച്ച് കളിക്കാനിറങ്ങിയത് വലിയ വാർത്തയായിരുന്നു. തൊട്ടുപിന്നാലെ റിഷിയുടെ മുഖാവരണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയായിരുന്നു സാമൂഹിക മാധ്യമങ്ങൾ.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനിടെ പരിക്കേറ്റതിനെ തുടർന്ന് റിഷിയുടെ മൂക്ക് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ നഷ്ടമായി. മൂക്കിന്‍റെ സുരക്ഷ മുന്‍നിർത്തി മുഖത്ത് കവചം അണിയുകയായിരുന്നു താരം. 2016ലാണ് താരം അവസാനമായി ഐപിഎൽ കളിച്ചത്. അന്നും പഞ്ചാബ് താരമായിരുന്നു.
കഴിഞ്ഞ ദിവസത്തെ കളിയിൽ ഇന്ത്യൻ മുൻനായകൻ എംഎസ് ധോണിയുടെയും ഫോമിലുള്ള ശിവം ദുബെയുടെയും വിക്കറ്റുകൾ സ്വന്തമാക്കി റിഷി മടങ്ങി വരവ് ഗംഭീരമാക്കി. മത്സരത്തിൽ പഞ്ചാബ് 11 റൺസിന് വിജയിച്ചു. എട്ട് കളികളിൽ നിന്ന് എട്ട് പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്താണ്. നാലുപോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്തുമാണ്.