കോഴിക്കോട്:
പുകയും ശബ്ദവുമില്ലാതെ, പ്രകൃതിസൗഹൃദമായി നിരത്തുനിറയുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. സ്കൂട്ടർ മുതൽ ബസ് വരെ ഇ-വാഹനങ്ങളുടെ കാലമാണിത്. എന്നാൽ, ജില്ലയിൽ പൊതുവേയും കോഴിക്കോട് നഗരത്തിൽ പ്രത്യേകിച്ചും ഇ-ഓട്ടോകൾക്ക് നിരത്തിലിറങ്ങാൻ കഴിയാത്ത ദുരവസ്ഥയാണ്.
ഡീസൽ ഓട്ടോ ഓടിക്കുന്നവരാണ് ഇ-ഓട്ടോകളെ വിടാതെ പിന്തുടരുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടെ തടയുകയാണ് പ്രധാന ‘ഹോബി’.സഞ്ചാര സ്വാതന്ത്ര്യവും തൊഴിലെടുക്കാനുള്ള അവകാശവും തടയുന്ന നടപടിക്കെതിരെ പൊലീസ് ശക്തമായി ഇടപെടുന്നുമില്ല.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് റോഡ് സ്വദേശി ഹനീഫയെ ഡീസൽ ഓട്ടോ ഡ്രൈവർമാർ അസഭ്യം പറയുകയും വണ്ടിതടയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കസബ പൊലീസ് കേസെടുക്കാത്തതിനെതിരെ ഇ-ഓട്ടോ ഡ്രൈവർമാർക്ക് പ്രതിഷേധത്തിനിറങ്ങേണ്ടി വന്നു. തിങ്കളാഴ്ച സിറ്റി പൊലീസ് മേധാവി എ അക്ബറിനെ ഇ-ഓട്ടോ ഡ്രൈവർമാർ കണ്ട് പരാതിയറിയിച്ചിരുന്നു. വിശദമായ പരാതി എഴുതി നൽകാൻ കമീഷണർ നിർദേശിച്ചിട്ടുണ്ട്.