നെടുങ്കണ്ടം:
മോഷ്ടാക്കൾ 60 അടി താഴ്ചയുള്ള കിണറ്റിൽ ഉപേക്ഷിച്ചത് 10 ചാക്ക് നിറയെ ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്. രാമക്കൽമേട്ടിലെ ചന്ദന മോഷണം സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു മോഷ്ടാക്കൾ തടിക്കഷണങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചത്.
ഒന്നരയടി വരെ വലുപ്പമുള്ള തടിക്കഷണങ്ങളാണു കണ്ടെടുത്തത്. ഏതാനും ദിവസം മുൻപാണു രാമക്കൽമേട് സ്വദേശിയുടെ കൃഷിയിടത്തിൽ നിന്നു ചന്ദന മരങ്ങൾ മോഷണം പോയത്. മോഷണം നടന്ന കൃഷിയിടത്തിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണു തടിക്കഷണങ്ങൾ കിടന്നിരുന്നത്.
ചെറുതായി മുറിച്ച കഷണങ്ങൾ, തടിയുടെ അവശിഷ്ടങ്ങൾ, മരത്തിന്റെ തൊലി തുടങ്ങിയവയാണു ചാക്കുകളിലുണ്ടായിരുന്നത്.
ചന്ദനമരങ്ങൾ ചുവടെ വെട്ടിയെങ്കിലും കാതൽ ഇല്ലാത്തതിനാൽ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചു. മുങ്ങൽ വിദഗ്ധരായ ഡി പ്രശോഭ്, ശരൺകുമാർ എന്നിവരാണു കിണറ്റിലിറങ്ങിയത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുനിൽകുമാർ, ചന്ദ്രകാന്ത്, ബിനോജ് രാജൻ, സിദ്ധാർഥൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി.