Wed. Jan 22nd, 2025
വെഞ്ഞാറമൂട്:

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ സാങ്കേതിക പിഴവാവാം ഇതിന് കാരണമെന്നാണ് മനസിലാക്കുന്നത്.

കുറേനാളായി ഉപയോ​ഗിക്കാതെ ഒതുക്കിയിട്ടിരിക്കുന്ന ആൾട്ടോ കാറാണ് അജിത്തിനുള്ളത്. ഈ ആൾട്ടോ കാറിന്റെ നമ്പർ വെച്ചാണ് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പെറ്റിയടിച്ചത്. അതായത് കാറിന്റെ കെഎൽ 21 ഡി 9877 എന്ന നമ്പരിലാണ് പെറ്റിവന്നതെന്ന് സാരം.

ഒരാഴ്ച്ചയ്ക്ക് മുമ്പാണ് പെറ്റി അടയ്ക്കണമെന്ന് പറഞ്ഞ് ഫോണിൽ മെസേജ് വന്നത്. അജിത്തിന്റെ ഉടമസ്ഥതയിൽ ഒരു ബൈക്കുണ്ട്. ഇതിന്റെ നമ്പർ കെഎൽ 21 ബി 9811 ആണ്.

ബൈക്കിനുള്ള പെറ്റിയാവാം സാങ്കേതിക തകരാർ മൂലം കാറിന് വന്നതെന്നാണ് കരുതുന്നത്. സംഖ്യകളിലെയും ഇം​ഗ്ലീഷ് അക്ഷരത്തിന്റെയും സാമ്യം മൂലമാകാം ഇത്തരത്തിൽ സംഭവിച്ചത്. എന്തായാലും ട്രാഫിക് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

250 കോടി മുടക്കിയാണ് ഈയിടെ 726 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത്.
കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായാണ് ഈ ക്യാമറകൾ ഉപയോ​ഗിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും.