Wed. Jan 22nd, 2025
കഴക്കൂട്ടം :

പഴയ ട്രെയിൻ ഉപയോഗിച്ചുള്ള ക്ലാസ്‌മുറിയിലിരുന്ന്‌ പഠിച്ച ടോട്ടോചാൻ കഥകൾ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ, അതിന്‌ പകരമായി കേരളത്തിലെ ആനവണ്ടി തന്നെ ക്ലാസ്‌മുറിയായാലോ? കാര്യവട്ടം സർവകലാശാല ക്യാമ്പസിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് പഠന വകുപ്പിലെ വിദ്യാർഥികൾക്കാണ്‌ ഇനിമുതൽ കെഎസ്‌ആർടിസി ബസ്‌ ക്ലാസ്‌മുറിയാകുക.

നെയ്യാറ്റിൻകര ഡിപ്പോയിലെ ഓട്ടം മതിയാക്കിയ ബസാണ്‌ പാപ്പനംകോടുനിന്ന്‌ ക്രെയിനിൽ ക്യാമ്പസിൽ എത്തിച്ചത്‌. വ്യത്യസ്തമായ ക്ലാസ്‌മുറി വിദ്യാർത്ഥികൾക്കായി ഒരുക്കണമെന്ന ആഗ്രഹമാണ്‌ അച്യുത് ശങ്കർ എസ് നായരെ ‘ബസിനുള്ളിൽ ക്ലാസ് റൂം’ എന്ന ആശയത്തിലേക്കെത്തിച്ചത്‌. ആദ്യം ടോട്ടോചാൻ ഓർമക്കുറിപ്പിലെ പോലെ തീവണ്ടി ബോഗി ക്ലാസ്‌മുറിയാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അതിന്‌ കേന്ദ്രാനുമതി വേണമെന്നതിനാൽ ബസിലേക്ക്‌ മാറി.

നാല് വർഷംമുമ്പാണ്‌ ബസ് വേണമെന്ന് ആവശ്യപ്പെട്ട്‌ കെഎസ്ആർടിസിയിൽ അപേക്ഷ നൽകിയത്‌. മെക്കാനിക്കൽ എൻജിനിയറുമായി ചർച്ചയുണ്ടായെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ്‌ കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് വീണ്ടും അപേക്ഷ നൽകിയിരുന്നു.

തുടർന്ന്‌ അഞ്ചു ദിവസത്തിനകം ബസ് അനുവദിക്കുകയായിരുന്നു. രണ്ട്‌ ലക്ഷം രൂപ കിട്ടാൻ സാധ്യതയുള്ള ബസ് പൂർണമായും സൗജന്യമായാണ് കെഎസ്ആർടിസി വിട്ടുനൽകിയത്. ബസ്‌ ക്യാമ്പസിൽ എത്തിക്കാനുള്ള ചെലവ് മാത്രം വകുപ്പ് വഹിച്ചു.

ബസിനുള്ളിലെ അറ്റകുറ്റപ്പണികൾ നടത്തി വിളക്കും ഫാനുകളും സ്ഥാപിക്കും. ഒരുമാസത്തിനകം ക്ലാസുമുറികൾ പ്രവർത്തിച്ചു തുടങ്ങും.