Wed. Jan 22nd, 2025
കണ്ണൂർ:

പരിയാരത്തെ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന 2 ഡോക്ടർമാരുടെയും 2 നഴ്സുമാരുടെയും ടിഎൽഡി ബാഡ്ജുകളിൽ(തെർമോ ലൂമിനസന്റ് ഡോസിമീറ്റർ) ഒരു വർഷത്തിനിടെയുണ്ടാകേണ്ട റേഡിയേഷൻ തോത്, ഒറ്റ മാസത്തിനകത്തു രേഖപ്പെടുത്തിയതായി എഇആർബി (അറ്റോമിക് എനർജി റഗുലേറ്ററി ബോർഡ്) കണ്ടെത്തിയതോടെയാണ്, അട്ടിമറി നീക്കം പുറത്തായത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി, റേഡിയേഷൻ ഉള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരുടെയും ടിഎൽഡി ബാഡ്ജുകൾ 4 മാസത്തിലൊരിക്കൽ എഇആർബിയുടെ ചെന്നൈ മേഖലാ കേന്ദ്രത്തിൽ പരിശോധിക്കും.

അനുവദനീയമായ പരിധിയിൽ കൂടുതലാണു റേഡിയേഷനെങ്കിൽ, അതിനിടയാക്കിയ വിഭാഗം പൂർണമായി നിർത്തിയിടാനുള്ള അധികാരം എഇആർബിക്കുണ്ട്. പരിയാരത്തെ ബാഡ്ജുകളിൽ കണ്ടെത്തിയത്, കാത്ത്‌ലാബ് പൂർണമായി അടച്ചിടേണ്ട തരം റേഡിയേഷൻ തോതായിരുന്നു. എന്നാൽ, പരിയാരത്തെ റേഡിയേഷൻ സുരക്ഷാ മികവ് പരിഗണിച്ച്, ആദ്യം വിശദമായ അന്വേഷണം നടത്താനാണ് എഇആർബി നിർദേശിച്ചത്.

തുടർന്ന്, പരിയാരം ഗവ മെഡിക്കൽ കോളജിലെ റേഡിയേഷൻ സേഫ്റ്റി ഓഫിസർ പ്രാഥമിക അന്വേഷണം നടത്തി. 168 പേരിൽ 4 പേരുടെ ബാഡ്ജുകളിൽ മാത്രം ഇത്ര ഉയർന്ന റേഡിയേഷൻ കണ്ടെത്തിയതും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നതും അട്ടിമറി ശ്രമമാണെന്ന സൂചന തുടക്കത്തിൽ തന്നെ നൽകി. റേഡിയേഷൻ ഉള്ള ഏതെങ്കിലും യന്ത്രത്തിൽ ബാഡ്ജ് ഏറെ നേരം വച്ചിരുന്നാൽ മാത്രമേ ഇത്രയും ഉയർന്ന റേഡിയേഷൻ തോത് രേഖപ്പെടുത്താനിടയുള്ളൂ എന്നും വ്യക്തമായി.

തുടർന്ന്, ഡോക്ടർമാരുടെയും നഴ്സ്മാരുടെയുമടക്കം മൊഴി രേഖപ്പെടുത്തി. ബാഡ്ജ് എവിടെയോ മറന്നുവച്ചുവെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണു 4 പേരും മൊഴി നൽകിയത്.
ടിഎൽഡി ബാഡ്ജ് അതീവ നിർണായകമാണെന്നിരിക്കെ, അത് ദിവസങ്ങളോളം കാണാതായിട്ടും 4 പേരും അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കുകയോ എവിടെയെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

തുടർന്ന്, മെഡിസിൻ, കാർഡിയോളജി, ഫൊറൻസിക് വിഭാഗം തലവന്മാർ, നഴ്സിങ് സൂപ്രണ്ട്, റേഡിയേഷൻ സേഫ്റ്റി ഓഫിസർ, മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് എന്നിവരടങ്ങിയ സമിതി വിശദമായ അന്വേഷണം നടത്തുകയും ടിഎൽഡി ബാഡ്ജ് കാണാതായ കാര്യം റിപ്പോർട്ട് ചെയ്യാതിരുന്നതു 3 മാസം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു.മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ ആദ്യ സംഭവമെന്ന നിലയിൽ, കടുത്ത ശിക്ഷ ഒഴിവാക്കാൻ ധാരണയായെങ്കിലും അച്ചടക്ക നടപടി വേണമെന്നു തീരുമാനിക്കുകയായിരുന്നു.