കോഴിക്കോട്:
അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ അർബുദരോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തിരികെ പോകാൻ വാഹനം ലഭിക്കാതെ രാത്രിമുഴുവൻ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോഴിക്കോട് പട്ടികവർഗ വികസന ഓഫിസർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മേയ് 25ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
കോട്ടത്തറ കൽക്കണ്ടി ഊരിൽനിന്നെത്തിയ മല്ലിക രംഗനും (68) മകനുമാണ് ആശുപത്രിയിൽ കഴിയേണ്ടിവന്നത്. വായിൽ അർബുദം ബാധിച്ച വയോധിക തുടർ ചികിത്സക്കുവേണ്ടിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി ഏർപ്പാടുചെയ്ത ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിയത്. രോഗിയെ ആശുപത്രിയിൽ വിട്ടശേഷം ആംബുലൻസുമായി ഡ്രൈവർ മടങ്ങി.
ഒ പിയിൽ പരിശോധനക്കെത്തിയ രോഗിയോട് സ്കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി ഫലവുമായി 26ന് അഡ്മിറ്റാകാനാണ് ഡോക്ടർമാർ നിർദേശം നൽകിയത്. തുടർന്ന് തിരികെ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് ആംബുലൻസ് തിരികെ പോയ വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് ട്രൈബൽ പ്രമോർട്ടർമാരെ ബന്ധപ്പെട്ടപ്പോൾ അഡ്മിറ്റാകാതെ ആംബുലൻസ് സൗകര്യം അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ഇവർ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടി.
അടുത്ത ദിവസം നാട്ടിൽനിന്ന് ആശാവർക്കർമാർ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വാഹനം ലഭിക്കാതെ ആശുപത്രിയിൽതന്നെ കഴിയുകയാണെന്നറിഞ്ഞത്. അവർ മെഡിക്കൽ കോളജ് ട്രൈബൽ പ്രമോട്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾമൂലം വാഹനം നൽകാൻ സാധിക്കില്ലെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചു. തുടർന്ന് പട്ടികവർഗ വകുപ്പ് ഇടപെട്ട് പാലക്കാട്ടുനിന്ന് വാഹനം അയച്ചാണ് ഇവരെ തിരികെ കൊണ്ടുപോയത്.
പട്ടികവർഗക്കാരെ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ കൂടെ ട്രൈബൽ പ്രമോർട്ടർമാരുണ്ടാകണമെന്നും അഡ്മിറ്റാകും വരെ ആംബുലൻസ് കാത്തുനിൽക്കുകയും വേണമെന്നതാണ് ചട്ടം. അഡ്മിറ്റാണെങ്കിൽ വാഹനത്തിന് തിരികെ പോകാം. ഇല്ലെങ്കിൽ ഇവരെയും കൊണ്ടുപോകണം. ഇക്കാര്യങ്ങളിലുണ്ടായ വീഴ്ചകാരണമാണ് അമ്മക്കും മകനും ആശുപത്രി വരാന്തയിൽ ഒരുദിനം കഴിയേണ്ടിവന്നത്.