Sat. Apr 27th, 2024
കൊല്ലം:

ഭൂമി വാങ്ങാമെന്ന് വിശ്വസിപ്പിച്ച് കശുവണ്ടി വ്യവസായി 50 ലക്ഷം രൂപ തട്ടിയതായി പരാതി. കൊല്ലം സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് വസ്തു പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്‌. പ്രമാണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ദമ്പതികൾ വ്യവസായിയുടെ വീടിന് മുന്നിൽ സത്യഗ്രഹസമരം ആരംഭിച്ചു.

നെടുമ്പനം പുത്തൻവിള വീട്ടിൽ ശ്രീലതയുടെ ഉടമസ്ഥതയിലുള്ള 60 സെന്‍റ് ഭൂമി തന്‍റെ അറിവില്ലാതെ മയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയെന്നാണ് പരാതി. ഒരു കോടി 19 ലക്ഷം രൂപക്ക് ഭൂമി വാങ്ങാമെന്ന് വിശ്വസിപ്പിച്ച് ബ്രോക്കർമാർ മുഖേനയാണ് പട്ടത്താനം സ്വദേശി പ്രതാപചന്ദ്രന്‍ ശ്രീലതയെ സമീപിച്ചത്. പിന്നീട് അഡ്വാൻസ് തുക നൽകുന്നതുമായി ബന്ധപ്പെട്ട് മയ്യനാട് ബാങ്കിൽ വച്ച് ഏതാനും രേഖകളിൽ ഒപ്പിട്ടു വാങ്ങിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

മാസങ്ങൾക്ക് ശേഷം ബാങ്ക് ജീവനക്കാരിൽ നിന്നുമാണ് ഭൂമി പണയത്തിലാണെന്ന വിവരം ശ്രീലത അറിയുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രമാണം നൽകാതെ വന്നതോടെ പരാതിക്കാരിയും ഭർത്താവ് വിജയനും പ്രതാപചന്ദ്രന്‍റെ പരാതിക്കാരിയും ഭർത്താവ് വിജയനും പ്രതാപചന്ദ്രന്‍റെ വീടിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. പ്രമാണം തിരികെ നൽകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ദമ്പതികൾ. മനഃപൂർവം വഞ്ചിച്ചതല്ലെന്നും പ്രമാണം തിരിച്ചു നൽകാനുള്ള സാവകാശം നൽകണമെന്നും ആരോപണവിധേയനായ പ്രതാപചന്ദ്രൻ അറിയിച്ചു.