Mon. Dec 23rd, 2024

ന്യൂഡൽഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ലെന്നും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്നും സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. 1920കളില്‍ വി.ഡി. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയത്തിന്റെ തുടര്‍ച്ചയായ  ഒരു രാഷ്ട്രീയപദ്ധതിയാണിത്. മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജഹാംഗീര്‍പുരിയിലുണ്ടായതെന്നും അവർ പറഞ്ഞു. ജഹാഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ പരാമര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

ഭരണഘടനാപരവും വ്യക്തിപരവുമായ സമസ്ത സ്വാതന്ത്ര്യങ്ങളും അട്ടിമറിക്കപ്പെടുന്ന കാലമാണിത്. വര്‍ഗീയതയ്ക്കെതിരേ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലെന്നാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഇതിനുപിന്നില്‍ കൃത്യമായ സാമ്പത്തിക അജണ്ടയുണ്ടെന്നതും കാണാതിരിക്കാനാവില്ല. നവ സാമ്പത്തിക ഉദാരീകരണ ശക്തികള്‍ തകര്‍ത്തെറിഞ്ഞ ഒരു സമൂഹമാണ് ജഹാംഗീര്‍പുരിയിലുള്‍പ്പെടെ ആക്രമിക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല ആക്രമണം. ആദിവാസികളും ദളിതരും ഇതേപോലെത്തന്നെ ഈ ശക്തികളുടെ ആക്രമണത്തിനിരയാവുന്നുണ്ടെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. 

ജഹാംഗീര്‍പുരിയില്‍ സുപ്രീംകോടതി ഉത്തരവിനെ വകവെക്കാതെ കെട്ടിടങ്ങൾ പൊളിച്ചതിനെതിരെ ബൃന്ദ കാരാട്ട് പ്രതികരിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ അവർ കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും,ബുള്‍ഡോസറുകള്‍ തടയുകയുമായിരുന്നു.