Tue. Nov 5th, 2024

ജയ്പൂര്‍: രാജസ്ഥാനിലെ സംസ്ഥാന ബോർഡ് പരീക്ഷയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയിലാണ് കോൺഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്. സംസ്ഥാന ബോർഡ് പരീക്ഷകളിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങൾ ഉണ്ടാകുന്നത് ആദ്യമായാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

‘1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റ് നേടി?’, ‘1971ലേത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് കണ്ട തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക’, ‘ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?’, ‘ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്തിയ രാഷ്ട്രീയ പാർട്ടി ഏതാണ്?’, ‘കോൺഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക?’ എന്നിവയായിരുന്നു പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങൾ. 

കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും പരീക്ഷയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ ഒരു പാർട്ടിയെ കുറിച്ചുമാത്രം ഇത്രയധികം ചോദ്യങ്ങൾ അസാധാരണമാണെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നത്. കോണ്‍ഗ്രസിന്‍റെ സ്ഥാപനവും, വെല്ലുവിളികളും എന്ന പേരിൽ 12-ാം ക്ലാസ് രാജസ്ഥാൻ ബോർഡ് പൊളിറ്റിക്കൽ സയൻസ് സിലബസില്‍ ഒരു പാഠമുണ്ടെന്നാണ് ഇതിനു മറുപടിയായി അധ്യാപകരും മറ്റും പറയുന്നത്.