കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍. ഇത് ഏകദേശം 85 ലക്ഷം രൂപ വരും. യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ നേരിൽ കണ്ട് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.
കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷയ്ക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഇതിനു വേണ്ടി ആദ്യം നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ദൗത്യസംഘത്തെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയോഗിച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫാണ് മധ്യസ്ഥം വഹിക്കുന്നത്.
2017 ജൂലൈ 25ന് യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും, മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നുമാണ് കേസ്. യമനില്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷപ്രിയ. ഇതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിമിഷപ്രിയ പറയുന്നത്.