Mon. Dec 23rd, 2024

തമിഴ്‌നാട്: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

മദ്രാസ് ഐഐടിയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഒരു അധ്യാപകനടക്കം 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ 39 പേര്‍ക്ക്  പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കേസുകളിൽ വർധനവ് ഉണ്ടാവുന്നതിനനുസരിച്ച് നിലവിൽ പരിശോധന വർധിപ്പിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് കേസുകളിലെ വർധനവ് കണക്കിലെടുത്ത് ഡൽഹിയിലും പഞ്ചാബിലും ഇതിനുമുൻപ് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടർന്ന് പൊതുസ്ഥലത്ത് മാസ്‌‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിന്‍വലിച്ചിരുന്നു.