Wed. Jan 22nd, 2025

പത്തു വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്.

യുക്രൈൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യയിലെ സേവനം താൽക്കാലികമായി നിർത്തിവച്ചതാണ് തകർച്ചയുടെ ഒരു കാരണമെന്നാണ് നെറ്ഫ്ലിക്സ് പറയുന്നത്. റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്‍ഫ്ളിക്സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്‍ഫ്ളിക്സിന് ഉണ്ടായത്.  വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഇന്ന് ഓഹരി വിപണിയിൽ നെറ്റ്ഫ്ലിക്സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്നും നഷ്ടമായി. ഓഹരികൾ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി.

ആദ്യപാദത്തിൽ 1.6 ബില്യൺ ഡോളറിന്റെ ആദായമാണ്  നെറ്റ്ഫ്ലിക്സിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.7 ബില്യൺ ഡോളറായിരുന്നു. ഏകദേശം 222 ദശലക്ഷം കുടുംബങ്ങൾ നെറ്ഫ്ലിക്സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്‌ഫ്ലിക്‌സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്‌സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് നെറ്റ്‌ഫ്ലിക്‌സ് വിലയിരുത്തുന്നു.