ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ മെസി, നെയ്മർ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമുകൾക്കായി അണിനിരക്കുമോ എന്നതിൽ വ്യക്തതയില്ല.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ഒന്നാമതായിരുന്ന ബെൽജിയത്തെ മറികടന്ന് ബ്രസീൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തിയിരുന്നു. തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് ബ്രസീലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. യോഗ്യതാ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡ് ബ്രസീൽ കഴിഞ്ഞ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു.
ബെൽജിയമാണ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ , മെക്സിക്കോ, നെതർലാൻഡ്സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ യഥാക്രമം ഉള്ള ടീമുകൾ.