Sun. Dec 22nd, 2024
മെക്സിക്കോ:

കുപ്രസിദ്ധ മെക്സിക്കന്‍ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ ഓള്‍ഗ്വിന്‍ വെര്‍ഡുഗോ (39) പൊലീസിന്‍റെ പിടിയില്‍. കാമുകിക്ക് പറ്റിയ അബദ്ധമാണ് എല്‍ പിറ്റിനെ അഴിക്കുള്ളിലാക്കിയത്. കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്‍റില്‍ കാമുകിയുമൊത്ത് കഴിയുമ്പോഴായിരുന്നു അറസ്റ്റ്.

പിറ്റിന്‍റെ കാമുകി ഫേസ്ബുക്കില്‍ പങ്കുവച്ച ചുംബന സെല്‍ഫിയാണ് പൊലീസിനു വഴികാട്ടിയത്. 200 ഓളം രാജ്യങ്ങളില്‍ ഇന്റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടിസ് നിലനില്‍ക്കുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുന്നതിനിടെയായിരുന്നു പിറ്റുമൊത്തുള്ള കാമുകിയുടെ ഫോട്ടോ പ്രത്യക്ഷപ്പെടുന്നത്. മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയാ തലവന്‍ എല്‍ ചാപ്പോ എന്ന പേരില്‍ അറിയപ്പെടുന്ന ജോക്വിന്‍ ഗുസ്മാന്‍റെ അടുത്ത അനുയായി ആണ് എല്‍ പിറ്റ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ എൽ പിറ്റ് രാജ്യത്ത് പ്രവേശിച്ചതായി യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്സ്മെന്‍റ് ഏജൻസി (ഡിഇഎ) കൊളംബിയൻ അധികാരികളെ അറിയിച്ചിരുന്നു. അന്നു മുതല്‍ കൊളംബിയന്‍ പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. മെക്‌സിക്കോയിലേക്കും അമേരിക്കയിലേക്കുമുള്ള ഒരു വലിയ കൊക്കെയ്ൻ കയറ്റുമതിയുടെ ഗുണനിലവാരം ചർച്ച ചെയ്യാനും പരിശോധിക്കാനും രാജ്യത്തിന്‍റെ തെക്ക് ഭാഗത്തുള്ള മുൻ ഗറില്ല ഫാർക്ക് (റവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ) അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു എൽ പിറ്റിന്‍റെ ചുമതല.

മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഇയാള്‍ കാലിയിലുള്ള കാമുകിയെ സന്ദര്‍ശിക്കുകയായിരുന്നു. കാലി നഗരത്തില്‍ യേശുക്രിസ്തുവിന്‍റെ വലിയൊരു പ്രതിമ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ഈ പ്രതിമക്ക് മുന്നില്‍ വച്ച് ഫോട്ടോയെടുക്കാന്‍ മോഡല്‍ കൂടിയായ കാമുകി ആവശ്യപ്പെട്ടതിനനുസരിച്ച് എല്‍ പിറ്റ് സെല്‍ഫി എടുക്കുകയും ചെയ്തു.

ഉടന്‍ തന്നെ കാമുകി അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോയാണ് എല്‍ പിറ്റിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. തന്നെ പിടികൂടാനെത്തിയ പൊലീസിന് കൈക്കൂലി കൊടുക്കാനും എല്‍ പിറ്റ് ശ്രമിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.