Wed. Dec 18th, 2024
കൽപറ്റ:

ഭൗമസൂചിക പദവി കിട്ടിയ വയനാടൻ കാപ്പിക്കു രാജ്യാന്തര വിപണി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നെതർലൻഡ്സ് വിദഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. കാപ്പിക്കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായ പഠനവും ഗവേഷണവും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. കാർബൺ ന്യൂട്രൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കർഷകരുമായി സംഘം ചർച്ച നടത്തി.

ബത്തേരിയിൽ നടന്ന ബ്ലോക്ക് തല യോഗത്തിലും പങ്കെടുത്തു. കാപ്പിയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കിയും കാർബൺ ന്യൂട്രൽ കാപ്പി ബ്രാൻഡിങ് വഴിയും കൂടുതൽ വരുമാനമുണ്ടാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചു കർഷകരെ ബോധവൽക്കരിക്കുകയും അവരുടെ അനുഭവങ്ങൾ കൂടി ഉൾക്കൊണ്ടു കൂടുതൽ വിപുലമായ തോതിൽ കാർബൺ ന്യൂട്രൽ കാപ്പി വിപണിയിലെത്തിക്കാൻ സഹായിക്കുകയും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. വയനാട്ടിൽ പ്രാദേശിക അടിസ്ഥാനത്തിലാണ് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കുന്നത്.

അതു കൂടുതൽ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാകണം. കാപ്പിത്തോട്ടങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ച് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന നെഗറ്റീവ് എമിഷൻ സാങ്കേതികവിദ്യ നടപ്പിലാക്കിയാൽ വരുമാനം വർധിപ്പിക്കാനാകുമെന്നാണു നെതർലൻഡ്സ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി കൂടുതൽ ഗുണമേന്മയുള്ള കാപ്പിയും ഉൽപാദിപ്പിക്കാം.

കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും നെഗറ്റീവ് എമിഷൻ സാങ്കേതിക വിദ്യ സഹായിക്കും. കൃഷിവിളകൾക്കൊപ്പം മരങ്ങളും വളർത്തുന്ന അഗ്രോഫോറസ്ട്രി എന്ന ആശയവും സംഘം കർഷകരെ പരിചയപ്പെടുത്തുന്നുണ്ട്. ഇതുവഴി മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും രാസവളങ്ങളുടെ ഉപയോഗവും കൃഷിച്ചെലവും ഗണ്യമായി കുറയ്ക്കാനുമാകുമെന്നു പഠനങ്ങളുണ്ട്.

കാപ്പിത്തോട്ടങ്ങളിൽ പ്ലാവ് വളർത്തുന്നതിലൂടെ വരുമാനം ഇരട്ടിയാക്കാനാകും. മീനങ്ങാടി പഞ്ചായത്തിൽ നടപ്പിലാക്കിയ ട്രീ ബാങ്കിങ് പദ്ധതി കാർബൺ ന്യൂട്രൽ പദ്ധതിയോടൊപ്പം തന്നെ ബ്ലോക്കിലെ മറ്റു തദ്ദേശസ്ഥാപനത്തിലും നടപ്പിലാക്കുമെന്നും ഇതിനുള്ള പ്രാഥമിക ഘട്ട ചർച്ചകൾ നെതർലൻഡ്സ് വിദഗ്ധരുമായി നടത്തിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ പറഞ്ഞു.