Tue. Nov 5th, 2024
അതിരപ്പിള്ളി:

കാട്ടാനയുടെ ആക്രമണത്തിൽ നിരാലംബയായ വീട്ടമ്മയുടെ നിർമാണം തുടങ്ങിയ വീടിന്റെ തറ തരിശായി. പുളിയിലപ്പാറ സ്വദേശിയായ നബീസയുടെ (64) ചിരകാല മോഹമാണ് കാട്ടാനകളുടെ വിളയാട്ടത്തിൽ തകർന്നടിഞ്ഞത്. പഞ്ചായത്തിൽ നിന്നും അനുവദിച്ച അമ്പതിനായിരം രൂപയുമായാണ് വീടു പണി തുടങ്ങിയത്.

തറ പണി പൂർത്തീകരിച്ച് കട്ടിള വെക്കുന്നതിന് എത്തിയപ്പോൾ നെഞ്ചു തകരുന്ന കാഴ്ച്ചയാണ് കണ്ടത്. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും വിയോഗത്തിൽ കഴിയുന്നതിനിടയിലാണ് കലിയടങ്ങാത്ത കാട്ടാനകളുടെ പ്രഹരം. 1 ലക്ഷം രൂപയാണ് വീടിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

അതിന്റെ ആദ്യ ഗഡു ഉപയോഗിച്ച് തറയും ബെൽറ്റും വാർക്കയും പൂർത്തിയാക്കിയിരുന്നു. ചൊവ്വ രാത്രിയിലാണ് കാട്ടാനകൾ ഇറങ്ങി നിർമാണം കഴിഞ്ഞ അടിത്തറ പൊളിച്ചത്. മൺമറഞ്ഞ പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവിന്റെ അമ്മയാണ് നബീസ.

ഭർത്താവും മക്കളും ഉറങ്ങുന്ന മണ്ണിൽ കാലം കഴിക്കണമെന്ന ആഗ്രഹത്തിൽ നിർമാണം തുടങ്ങിയ വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. പത്രം വിൽപനയിലൂടെയാണ് നബീസ ചെലവിനുള്ള വക കണ്ടെത്തുന്നത്.