Mon. Dec 23rd, 2024
റഷ്യ:

യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോള്‍. അസോവില്‍ ഉരുക്കുനിര്‍മാണശാലയെ ആശ്രയിച്ച് ഒളിവില്‍ കഴിയുന്ന യുക്രൈന്‍ സൈന്യത്തോട് കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ മരിയുപോളിന് മേലുള്ള അധിനിവേശം കീഴടക്കലിലേക്ക് എത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി സൂചന നല്‍കി. മരിയുപോളിലെ തങ്ങളുടെ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്ന് സെലന്‍സ്‌കി പറഞ്ഞു.

മരിയുപോള്‍ പിടിച്ചെടുക്കുന്നതിനൊപ്പംകിഴക്കന്‍ ഡോണ്‍ബാസ് മേഖലയുടെ നിയന്ത്രണം കൂടി വരുതിയിലാക്കാനാണ് റഷ്യയുടെ ശ്രമം. അസോവിലെ രുക്കുനിര്‍മാണശാലയില്‍ യുക്രൈന്റെ നാനൂറോളം സൈനികരാണ് ഒളിവില്‍ കഴിയുന്നതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. ജീവന്‍ വേണമെങ്കില്‍ ആയുധം വച്ച് കീഴടങ്ങണമെന്നാണ് റഷ്യയുടെ ആവശ്യം.

അതേസമയം ശേഷിക്കുന്ന സൈനികരെ കൂടി റഷ്യന്‍ സൈന്യം വധിച്ചാല്‍ സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. രാജ്യത്ത വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും ഡോണ്‍ബാസ് മേഖലയില്‍ റഷ്യക്കെതിരെ പോരാടാന്‍ തയ്യാറാണെന്നും പറഞ്ഞു. ഡോണ്‍ബാസ് മേഖല നല്‍കിയാല്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല.

റഷ്യന്‍ നേതൃത്വത്തെയും സൈന്യത്തെയും താന്‍ വിശ്വസിക്കുന്നില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനില്‍പ്പ് തുടരുമെന്നും കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങള്‍ക്കൊപ്പമായിരിക്കും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.