Wed. Dec 18th, 2024
ചീമേനി:

ശുദ്ധജല പദ്ധതി പ്ലാന്റിനായി കണ്ടെത്തിയ സ്ഥലം ഭൂരഹിതർക്ക് പതിച്ചു കൊടുത്തത്. വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കാൻ ചീമേനി പള്ളിപാറയിൽ ശുദ്ധജല പ്ലാന്റ് സ്ഥാപിക്കുന്ന ഭൂമി ഭൂരഹിതർക്ക് പതിച്ച് കൊടുത്തതാണ്. പതിച്ച് കൊടുത്ത ഭൂമിയുടെ പട്ടയം റദ്ദാക്കി സ്ഥലം പ്ലാന്റ് നിർമാണത്തിന് ഭൂമി വിട്ടുകൊടുക്കുവാനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.

പതിച്ച് നൽകി പട്ടയം കൊടുത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഭൂരഹിതർ വീട് വെക്കാൻ തയാറായിട്ടില്ലെന്നും അധികൃതർ പറയുന്നു. രണ്ടര ഏക്കർ ഭൂമിയാണ് പദ്ധതിക്ക് വേണ്ടി പള്ളിപ്പാറയിൽ ജലനിധി പദ്ധതിക്ക് വേണ്ടി വിട്ട് കൊടുക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്  ഭൂരഹിതരായവർക്ക് വീട് നിർമിക്കുവാൻ 3 സെന്റ് ഭൂമി വീതം നൽകി പട്ടയം നൽകിയിരുന്നു.

ചീമേനി വില്ലേജിന് കീഴിൽ വരുന്ന പള്ളിപ്പാറയിലുള്ള റവന്യു ഭൂമി ഇത്തരത്തിൽ 60 പേർക്ക് പതിച്ച് നൽകിയിരുന്നു. വീട് നിർമാണത്തിന് 3 സെന്റ് വീതം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് തരംതിരിച്ച് വച്ചെങ്കിലും പട്ടയം ലഭിച്ച രണ്ട് പേർ മാത്രമാണ് ഇവിടെ വീട് വച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും മറ്റുള്ളവർ ആരും തന്നെ ഈ ഭൂമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

കാസർകോട്, മഞ്ചേശ്വരം എന്നീ വില്ലേജുകളിലെ ഭൂരഹിതർക്കാണു ചീമേനിയിൽ ഭൂമി അനുവദിച്ചത്. അത് കൊണ്ട് തന്നെ ഇവിടെ വീട് നിർമാണം പ്രായോഗികമല്ല എന്ന നിലപാടാണ് ഭൂരഹിതർ സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്. അതെ സമയം പട്ടയം ലഭിച്ച ഭൂമിക്ക് ഇവർ നികുതി അടയ്ക്കുന്നുമുണ്ട്.

ഇതിനിടയിലാണ് കുടിവെളള പ്രതിസന്ധി രൂക്ഷമായ സ്ഥിതിക്ക്  പഞ്ചായത്തുകൾക്ക് ശുദ്ധജലമെത്തിക്കുവാനുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി സ്ഥാപിക്കാൻ പുഴയോടു ചേർന്നുള്ള രണ്ടര ഏക്കർ ഭൂമി വേണമെന്ന് ജല അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടത്.
തേജസ്വിനിപ്പുഴയിൽ നിന്ന് വെള്ളം ശേഖരിച്ച് പ്ലാന്റ് നിർമിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പ്ലാന്റ് നിർമാണത്തിന് അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് പള്ളിപ്പാറയിലെ സ്ഥലം വേണമെന്ന നിർദേശം ജല അതോറിറ്റി അധികൃതർ മുന്നോട്ട് വച്ചത്.

ഈ സാഹചര്യത്തിലാണ് വർഷങ്ങളായി പട്ടയം വരെ നൽകിയിട്ടും വീട് നിർമിക്കാതെ കിടക്കുന്ന സ്ഥലം പദ്ധതിക്കായി വിട്ട് കൊടുക്കുവാൻ റവന്യു അധികൃതർ തീരുമാനിച്ചത്. ഭൂമിക്ക് അധികാരം സ്ഥാപിച്ച പട്ടയം റദ്ദ് ചെയ്യാനുള്ള നടപടിയുമാണ് അധികൃതർ മുന്നോട്ട് പോകുന്നത്. മൂന്ന് സെന്റ് വീതം തരം തിരിച്ച് കല്ലിട്ട സ്ഥലത്തെ കല്ലുകളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞു. തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട് കണ്ണൂർ ജില്ലയിൽപ്പെടുന്ന കരിവെള്ളൂർ–പെരളം കങ്കോൽ–ആലപടമ്പ് എന്നീ പഞ്ചായത്തുകളിലേക്കാണ് ഈ പദ്ധതി വഴി കുടിവെള്ളം എത്തിക്കുക.