Sat. Nov 23rd, 2024

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന ബഹിരാകാശ ശക്തിയായി മാറാനുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമാണ് ഷെന്‍കൗ 13.

ഴായി സിഗാങ്, യെ ഗുവാങ്ഫു, വാങ് യപിംഗ് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്. ബഹിരാകാശത്ത് ചിലവഴിക്കുന്ന ആദ്യ ചൈനീസ് വനിതയാണ് വാങ് യപിംഗ്. 55 കാരനായ മിഷന്‍ കമാന്‍ഡര്‍ സായ്, 2008 ല്‍ ചൈനയുടെ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തിയ മുന്‍ യുദ്ധവിമാന പൈലറ്റാണ്.

ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലെ ടിയാന്‍ഹെയില്‍ ആറ് മാസമാണ് ഇവര്‍ ചിലവഴിച്ചത്. ഷെന്‍കൗ 13 വിജയകരമായി ലാന്‍ഡ് ചെയ്തുവെന്ന് സ്റ്റേസ്റ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്ന് ഷെന്‍ഷൗ 13 വിക്ഷേപിച്ചത്.

2021-22 വര്‍ഷത്തിലെ ചൈനയുടെ നാല് ക്രൂഡ് ദൗത്യങ്ങളില്‍ രണ്ടാമത്തേതായ ഷെന്‍കൗ 13, രാജ്യത്തെ ആദ്യത്തെ സ്ഥിരം ബഹിരാകാശ നിലയം കൂടിയാണ്. നേരത്തെ 92 ദിവസത്തെ ബഹിരാകാശ ദൗത്യമാണ് ഷെന്‍കൗ 12 നടത്തിയിരുന്നത്. ഷെന്‍കൗ 14ന്റെ വിക്ഷേപണവും വരുമാസങ്ങളിലുണ്ടാകും.
2022ഓടെ സ്ഥിരബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ചൈന. 2029ഓടെ പുതിയ ചാന്ദ്രദൗത്യം നടത്താനും ചൈന തയ്യാറെടുക്കുകയാണെന്ന് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.