Mon. Dec 23rd, 2024
Bhimrao Ramji Ambedkar

“ഹിന്ദു രാജ് യാഥാർഥ്യമായാൽ ഒരു സംശയവും വേണ്ട, അതൊരു മഹാ വിപത്ത് തന്നെയായിരിക്കും. എന്ത് വില കൊടുത്തും നാം അതിനെ തടയേണ്ടതുണ്ട്.” വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഭരണഘടനാ ശില്പിയുംമനുഷ്യാവകാശ പോരാളിയുമായ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞ വാക്കുകൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലാവും ഏറെ അർത്ഥവക്താവുന്നത്. രാമനവമിയുടെ പേരിൽ രാജസ്ഥാനിൽ വർഗീയ ലഹളകൾ നടന്നു കൊണ്ടിരിക്കുന്ന, വിശ്വസിക്കുന്ന മതത്തിന്റെയോ ജാതിയുടെയോ  പേരിൽ ഭരണഘടനയിലെ ഓരോ അവകാശങ്ങളും ദിവസേന ലംഘിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിലാണ് ഈ വർഷം അംബേദ്‌കർ ജയന്തി ആഘോഷിക്കുന്നത്. മഹാത്മാ ഗാന്ധിക്കും, നെഹ്രുവിനും ലഭിച്ചത്ര പരിഗണയും, സ്ഥാനവും പലപ്പോഴും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് തോന്നുമ്പോഴും, അംബേദ്‌കറിന്റെ വാക്കുകളും ആദർശങ്ങളും പ്രവർത്തികളും അന്നത്തെക്കാൾ ഏറെ ഇന്നും പ്രസക്തമായി തുടരുന്നവയാണ്. 

മനുഷ്യവകാശ പോരാളിയായും, ജനാധിപത്യ വാദിയുമായി ലോകം അദ്ദേഹത്തെ ചിത്രീകരിക്കുമ്പോൾ,  ഇന്ത്യൻ ഭരണഘടനാ ശില്പി, ദളിത് വിമോചകൻ എന്നീ വിശേഷണങ്ങളിൽ മാത്രം ഇന്ത്യയിൽ അറിയപ്പെടേണ്ട ഒരാളല്ല ഡോ. ബി ആർ അംബേദ്‌കർ. എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്ന ഇന്ത്യൻ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുകയും, വിവേചനങ്ങളെയും പീഡനങ്ങളെയും ചെറുക്കുകയും, അടിച്ചമർത്തപ്പെട്ടവരും  പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിനു മനുഷ്യരെ വിമോചിപ്പിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതൽ അനുയോജ്യം. ഇരുപതാം നൂറ്റാണ്ടിൽ സംവരണത്തിന് വേണ്ടി വാദിച്ച, പുരോഗമനപരമായ നിരവധി നിയമനിർമാണത്തിനു പിറകിൽ പ്രവർത്തിച്ച, ദീർഘവീക്ഷണവും രാഷ്ട്ര ബോധവുമുള്ള നേതാവ് കൂടെയായിരുന്നു അദ്ദേഹം.

ദളിത് സമൂഹത്തിൽ നിന്നുള്ളവർക്ക് വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധം നേടിയ ആദ്യ ഇന്ത്യക്കാരൻ ആവുകയായിരുന്നു ഡോ. ബി ആർ അംബേദ്ക്കർ. യഥാർത്ഥത്തിൽ ജാതീയതക്കെതിരെ പോരാടാനും, സംവരണം ഉൾപ്പെടെയുള്ള നടപടികൾക്കായി വാദിക്കാനും ഇടയാക്കിയത് അദ്ദേഹം നേരിട്ട ദുരനുഭവങ്ങൾ തന്നെയായിരുന്നു. താഴ്ന്ന ജാതിയിൽ ജനിച്ചു എന്ന ഒറ്റ കാരണത്താൽ പായ വിരിച്ചു ക്ലാസ്സിൽ ഇരിക്കേണ്ടി വന്ന, പൈപ്പിൽ നിന്നും കുടിവെള്ളം പോലും എടുക്കാൻ അനുവാദമില്ലാതിരുന്ന ഒരു കുട്ടിയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ ശില്പിയിലേക്കുള്ള യാത്ര തന്നെയാണ് അദ്ദേഹത്തിന്റെ ആദർശങ്ങളും തീരുമാനങ്ങളും അഭിപ്രായങ്ങളുമായി പിൽകാലത്ത് രൂപപ്പെട്ടത്. 

സമൂഹത്തിൽ താഴ്ന്നവരിൽ താഴ്ന്നവരായി പരിഗണിക്കപ്പെട്ടിരുന്ന മഹർ വിഭാഗത്തിലായിരുന്നു  അംബേദ്ക്കർ ജനിച്ചിരുന്നത്. കുട്ടികാലം മുതലേ ജാതിയുടെ പേരിൽ അദ്ദേഹം മാറ്റിനിർത്തപ്പെട്ടിരുന്നു. “പ്യൂൺ ഇല്ലെങ്കിൽ വെള്ളമില്ല”(No peon, no water) എന്ന ലേഖനത്തിൽ പ്യൂൺ ശരീരത്തിൽ എവിടെയും തൊടാതെ വെള്ളം വായയിലേക്ക് പകർന്നു  തന്നിരുന്നത് കൊണ്ട് സ്കൂളിൽ വെള്ളം കുടിച്ചിരുന്ന സാഹചര്യത്തെ അംബേദ്ക്കർ വിവരിക്കുന്നുണ്ട്. മഹാദേവ് അംബേദ്ക്കർ എന്ന അധ്യാപകൻ  മാത്രമായിരുന്നു അദ്ദേഹത്തോട് സ്നേഹത്തോടെയും ജാതിപരിഗണിക്കാതെയും സ്കൂളിൽ പെരുമാറിയിരുന്നത്. ഇതേ അധ്യാപകനാണ് അംബാവഡേക്കർ എന്ന അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ടായിരുന്ന കുടുംബപ്പേര് അംബേദ്ക്കർ എന്നാക്കി മാറ്റിയത്. 

ആ കാലത്തെല്ലാം പഠനത്തിൽ കാര്യമായി ശ്രദ്ധിക്കാതിരുന്ന അംബേദ്ക്കറിന്റെ മനം മാറ്റത്തിനു പിന്നിലും ഒരു കഥ പറയുന്നുണ്ട്. ആറാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട അംബേദ്ക്കർ, തന്റെ അച്ഛൻ രണ്ടാമതും വിവാഹം ചെയ്യാൻ പോകുന്നതറിഞ്ഞ് മുബൈയിലേക്ക് നാടുവിട്ടു പോകുവാൻ തീരുമാനിച്ചു. തന്റെ അമ്മയ്ക്ക് പകരം മറ്റൊരു സ്ത്രീയെ കാണാനും, തന്റെ അമ്മയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അവർ ഉപയോഗിക്കുന്നതും ആ പത്ത് വയസ്സ്ക്കാരൻ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ട്രെയ്നിനിൽ പോകാനുള്ള കാശ് കിട്ടുന്നതിനായി ആന്റിയുടെ പേഴ്സിൽ നിന്നും പണം മോഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു. മൂന്നു രാത്രിയിലെയും പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷം നാലാം ദിവസം പേഴ്‌സ് ലഭിച്ചെങ്കിലും അതിൽ ഒരണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ദിവസം, സ്കൂൾ നിർത്തി പോകുന്നത് നല്ലതല്ലെന്ന് തോന്നിയ അംബേദ്ക്കർ, നന്നായി പഠിച്ച് സ്വന്തമായി ഒരു ജോലി വാങ്ങി, സ്വയം പര്യാപ്തനാകുമെന്ന് ദൃഡനിശ്ചയം എടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ മാത്രമല്ല, ഒരു രാജ്യത്തെ സംബന്ധിച്ച് വരെ നിർണായകമായിരുന്നു ആ തീരുമാനം. 

ബ്രാഹ്മണ സംസ്കൃത ആചാര്യർ ശൂദ്രരെ വേദ ഭാഷ പഠിപ്പിക്കില്ല എന്ന കാരണത്താൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ സംസ്‌കൃതം പഠിക്കാനുള്ള അവകാശം അംബേദ്ക്കറിനുണ്ടായിരുന്നില്ല. സംസ്‌കൃതം പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും, പേർഷ്യൻ മാത്രമേ ഭാഷയായി അന്ന് പഠിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് വേദങ്ങളെക്കുറിച്ചും ഹൈന്ദവ ഗ്രന്ഥങ്ങളെക്കുറിച്ചും നേരിട്ട് അറിവ് നേടുന്നതിനായി അദ്ദേഹം സംസ്കൃതം പഠിച്ചു. സംസ്‌കൃതത്തെ സാഹിത്യത്തിന്റെയും വ്യാകരണത്തിന്റെയും അമൂല്യനിധിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്കൃതത്തെ ദേശീയ ഭാഷയാക്കണം എന്ന് വാദിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു. 

അംബേദ്ക്കർ സെക്കണ്ടറി തലത്തിൽ എത്തിയപ്പോൾ ആവശ്യമായ പണം ഇല്ലാത്ത കാരണം തന്നോടൊപ്പം പഠിച്ചിരുന്ന സഹോദരൻ പഠിപ്പ് നിർത്തി. പാഠപുസ്തകങ്ങളെക്കാൾ കൂടുതൽ മറ്റു പുസ്തകങ്ങൾ വായിച്ചിരുന്ന അംബേദ്ക്കറിന്, സഹോദരിമാരുടെ ആഭരണങ്ങൾ പണയം വെച്ച് വരെ അച്ഛൻ പുസ്തകം വാങ്ങി നൽകിയിട്ടുണ്ട്. നിലവിൽ രണ്ടിടങ്ങളിലായുള്ള അദ്ദേഹത്തിന്റെ ലൈബ്രറിയായിരുന്നു അദ്ദേഹം മരിക്കുന്ന സമയത്തെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി പോലും. 

സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ബറോഡ രാജാവിന്റെ സാമ്പത്തിക സഹായത്തോടെ ലണ്ടനിൽ പോകുകയും അവിടെയുള്ള ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, കൊളംബിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും നിയമം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ Ph.D,D litt,LLD  നേടുകയും ചെയ്തു. അന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിരുദവും വിദ്യാഭ്യാസവുമുള്ള വ്യക്തിയായിരുന്നു അംബേദ്കറെങ്കിലും, ജാതിയുടെ പേരിൽ അദ്ദേഹം അപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. 

പാർശ്വവൽകരിക്കപെട്ടവരുടെ ശബ്ദമായി അംബേദ്ക്കർ ഒരു പത്രം തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ് . 1920 ൽ മൂക് നായക് എന്ന പേരിൽ രണ്ടാഴ്ചയിലൊരിക്കലുള്ള പത്രത്തിന്റെ ആദ്യ പതിപ്പ് ബോംബയിൽ പ്രസിദ്ധീകരിച്ചു. “ഇന്ത്യ അസമത്വത്തിന്റെ നാടാണ്. ഒരാൾ ജനിക്കുന്ന ജാതിയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടി വരുന്ന, പ്രവേശനത്തിനോ പുറത്തുകടക്കലിനോ കവാടമില്ലാത്ത ഒരു ബഹുനില ഗോപുരം പോലെയാണ് ഹിന്ദു കവാടം.” പത്രത്തിൽ അംബേദ്ക്കർ എഴുതിയ വാക്കുകളായിരുന്നത്. 

തുടർന്ന് വീണ്ടും ലണ്ടനിൽ പോയി വിദ്യാഭ്യാസം പൂർത്തീകരിച്ചതിനു ശേഷം തിരിച്ചെത്തിയ അംബേദ്ക്കർ ബോംബേ ബാറിൽ ബാരിസ്റ്ററായി ജോലി ചെയ്തിരുന്നു. താഴ്ന്ന ജാതിക്കാരൻ എന്ന മുൻവിധി കാരണം ആദ്യം കക്ഷികളെ കിട്ടാൻ പ്രയാസമായിരുന്നു. പക്ഷെ പാവപ്പെട്ട ആളുകളിൽ നിന്ന് അദ്ദേഹം ഫീസ് വാങ്ങാതെയായിരുന്നു കേസ് നടത്തികൊണ്ടിരുന്നത്. ബ്രാഹ്മണർ ഇന്ത്യയെ നശിപ്പിച്ചെന്ന ലഖുലേഖ പ്രസിദ്ധീകരിച്ചതിന് അപകീർത്തികുറ്റം ചുമത്തപ്പെട്ട ബ്രാഹ്മണർ അല്ലാത്ത മൂന്നു പേർക്ക് വേണ്ടിയുള്ള കേസ് വിജയിച്ചത് ഈ കാലഘട്ടത്തിലെ പ്രധാന സംഭവമായിരുന്നു. 

അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനമാണ് തന്റെ ജീവിത ദൗത്യമെന്നായിരുന്നു അംബേദ്ക്കർ വിശ്വസിച്ചിരുന്നത്. സ്വന്തം അവസ്ഥയ്‌ക്കെതിരെ ജാതിയുടെ ഇരകൾ തന്നെ പൊരുതിയില്ലെങ്കിൽ അവരുടെ അവസ്ഥ മെച്ചപ്പെടുത്താനാകില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. 1924 ജൂലൈയിൽ അംബേദ്കർ അസ്പൃശ്യരുടെ ഉന്നമനത്തിനായി “ബഹിഷ്‌ക്രിത് ഹിതകാരിണി സഭ” (അൺടച്ചബിൾസ് വെൽഫെയർ അസോസിയേഷൻ) യും 1928 ജൂണിൽ “ഡിപ്രസ്ഡ് ക്ലാസ് എജ്യുക്കേഷൻ സൊസൈറ്റി”യും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങൾ പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നിരവധി ഹോസ്റ്റലുകൾ ആരംഭിച്ചു.

1920-കളുടെ മധ്യത്തിൽ, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദ് മുനിസിപ്പൽ കമ്മിറ്റി, തൊട്ടുകൂടാത്തവർക്ക് ചാവ്ദാർ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു പ്രമേയം പാസാക്കി. പക്ഷെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വരെ ടാങ്കിൽ നിന്ന് വെള്ളം എടുക്കുവാനുള്ള അനുമതിയുണ്ടായിട്ടും തൊട്ടുകൂടാത്തവർക്ക് മാത്രം അനുവാദമുണ്ടായില്ല. തൊട്ടുകൂടാത്തവരുടെ നിയമപരമായ അവകാശം പുനഃസ്ഥാപിക്കുന്നതിനായി 1927 മാർച്ച് 20 ന് അംബേദ്കർ പതിനായിരം അയിത്തജാതിക്കാരെ വിളിച്ച് ചാവ്ദാർ ടാങ്കിലേക്ക് ജാഥ നയിക്കുകയും, ഉയർന്ന ജാതിക്കാരെ വെല്ലുവിളിച്ച് ടാങ്കിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. ജാഥ പിന്നീട് ടൗണിലെ ബേസ് ക്യാമ്പിലേക്ക് സമാധാനപരമായി മടങ്ങി. മഹദ് സത്യാഗ്രഹത്തിന്റെ സ്മരണയ്ക്കായി ഇപ്പോഴും മാർച്ച് 20 “സാമൂഹിക ശാക്തീകരണ ദിനം” ആയി ആഘോഷിക്കുന്നുണ്ട്.

എന്നാൽ അടുത്ത ദിവസം, തൊട്ടുകൂടാത്തവർ വീരേശ്വരന്റെ വിശുദ്ധ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ഒരു കിംവദന്തി നഗരത്തിൽ പ്രചരിക്കാൻ തുടങ്ങി. വിശുദ്ധ ക്ഷേത്രത്തെ അശുദ്ധമാകുമെന്ന് ഭയന്ന് ഉയർന്ന ജാതിയിൽ പെട്ടവർ തൊട്ടുകൂടാത്തവരുമായി ഏറ്റുമുട്ടി. അവർ തൊട്ടുകൂടാത്തവരെ ഉപദ്രവിക്കാനും അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കാനും ധാന്യങ്ങൾ വിൽക്കാൻ വിസമ്മതിക്കുകയും, അവരെ വിചാരണ ചെയ്യാനും തുടങ്ങി. ഇതുകൂടാതെ ചാണകവും ഗോമൂത്രവും തൈരും ടാങ്കിലൊഴിച്ച് മന്ത്രങ്ങളും ശ്ലോകങ്ങളും നടത്തി ടാങ്ക് ശുചിയാക്കുകയും ചെയ്തു. ഇതിൽ രോഷാകുലനായ അംബേദ്കർ 1927 ഡിസംബർ 25 & 26 തീയതികളിൽ മറ്റൊരു സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. സർക്കാർ സത്യാഗ്രഹം നിരോധിക്കുമെന്ന അഭ്യൂഹമുണ്ടെന്ന് ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. അധഃസ്ഥിത വിഭാഗങ്ങളെ അവരുടെ അവകാശം വിനിയോഗിക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയാൽ, സവർണ ജാതിക്കാരെ  നാണം കെടുത്താൻ, വിഷയം ലീഗ് ഓഫ് നേഷൻസിലേക്ക് കൊണ്ടുപോകുമെന്ന് അംബേദ്കർ അവരോട് പറഞ്ഞു.

ഇതിനിടയിൽ, അംബേദ്കറുടെ നീക്കത്തെ എതിർക്കാൻ, ടാങ്ക് സ്വകാര്യ സ്വത്താണെന്നും തൊട്ടുകൂടാത്തവർക്ക് അതിൽ നിന്ന് വെള്ളം ലഭിക്കാൻ അവകാശമില്ലെന്നും അംബേദ്കറിനും മറ്റുള്ളവർക്കുമെതിരെ ജാതി ഹിന്ദുക്കൾ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിൽ വാദം പൂർത്തിയാകുന്നത് വരെ സത്യാഗ്രഹം നടത്തുന്നത് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

1927 ഡിസംബർ 25 ന്, ജാതി ഹിന്ദുക്കളുടെ തന്ത്രങ്ങൾക്കെതിരായ പ്രതിഷേധമായി, തൊട്ടുകൂടാത്തവരുടെ നേതാക്കളിലൊരാളായ ശാസ്ത്രബുദ്ധെയുടെ സാന്നിധ്യത്തിലും സമ്മതത്തോടെയും ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുന്ന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതി അംബേദ്ക്കർ കത്തിച്ചു. അംബേദകറൈറ്റ്സ് ഈ ദിവസം “മനുസ്മൃതി ദഹൻ ദിവസ്” ആയാണ് ആഘോഷിക്കുന്നത്. 

നാസിക്കിലെ കളറാം ക്ഷേത്രത്തിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി 1930 -ൽ, അംബേദ്കറും ബി കെ ഗെയ്‌ക്‌വാദും മറ്റ് തൊട്ടുകൂടാത്തവരുടെ നേതാക്കളും ഒരു സത്യാഗ്രഹം കൂടി നടത്തിയിരുന്നു. ഇതും വലിയ ലഹളയ്ക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.  ഗാന്ധിയടക്കം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട സത്യാഗ്രഹം പരാജയപ്പെട്ടെങ്കിലും, അതവസാനിക്കുമ്പോൾ അംബേദ്ക്കർ പറഞ്ഞത് ഇപ്രകാരമായിരുന്നു; അധഃസ്ഥിത വിഭാഗങ്ങൾ വിഗ്രഹാരാധകരാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടല്ല ഞാൻ ക്ഷേത്രപ്രവേശന സമരം ആരംഭിച്ചത്. പകരം അധഃസ്ഥിത വിഭാഗങ്ങളെ ഊർജസ്വലരാക്കുന്നതിനും അവരുടെ നിലപാടിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം അതാണ് എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ്. “

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ വൈസ്രോയി അംബേദ്ക്കറെയും ക്ഷണിച്ചിരുന്നു. വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ പിന്നോക്ക വിഭാഗക്കാർക്കും പ്രത്യേക വോട്ടർമാരാകണമെന്ന ശക്തമായ വാദം ഉന്നയിച്ചു. ജാതിയുടെ ഇരകൾക്ക് സംവരണം ഉറപ്പാക്കുന്നതിനും അംബേദ്ക്കർ പരിശ്രമിച്ചിരുന്നു. സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയപരമായി വേർത്തിരിക്കപ്പെടേണ്ടവരാണ് എന്ന അംബേദ്കർ കാഴ്ചപ്പാടിൽ നിന്നായിരുന്നു സംവരണത്തിന്റെ തുടക്കം പോലും. പിന്നോക്ക വിഭാഗത്തിനു പ്രത്യേക പ്രാതിനിധ്യം നൽകുന്ന കമ്മ്യൂണൽ അവാർഡ്. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിലൂടെ അംബേദ്കർ നേടിയെടുതെങ്കിലും ഗാന്ധിയടക്കമുള്ളവരുടെ എതിർപ്പുകളെ തുടർന്ന് അത് നടപ്പിലാക്കാനായില്ല. 

എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യ നീതി ഉറപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ ഭരണഘടന രൂപകൽപന ചെയ്ത വ്യക്തി എന്നതിന് പുറമെ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി ഹിന്ദു കോഡ് ബില്ല് കൊണ്ടുവന്നതും, 1935 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചതും വെള്ളത്തിനും വൈദ്യുതിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ദേശീയ നയം വികസിപ്പിക്കുന്നതിൽ മുൻകൈയെടുത്തതും അബേദ്കർ തന്നെയായിരുന്നു. തൊഴിലാളികളുടെ അവകാശം കവരാൻകൊണ്ടുവന്ന ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ബില്ലിനെ ബോംബെ അസംബ്ലിയിൽ അദ്ദേഹം എതിർത്തിരുന്നു. പണിമുടക്കവകാശം തൊഴിലാളികളുടെ ജന്മാവകാശമാണെന്നും പ്രഖ്യാപിച്ചത് അദ്ദേഹമാണ്, തൊഴിലാളികളുടെ പ്രവർത്തി സമയം 14  മണിക്കൂറിൽ നിന്നും എട്ട് മണിക്കൂറാക്കി കുറക്കാൻ നടപടി സ്വീകരിച്ചു.

വിദ്യാഭ്യാസം നേടുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക എന്ന് ജനങ്ങളെ ഉദ്‌ബോധിച്ചു കൊണ്ടിരുന്ന ഡോ.ബി. ആർ അംബേദ്ക്കറുടെ ജീവിതവും ആദർശവും ഇനിയും പലരും തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ കാലം കഴിയും തോറും അദ്ദേഹത്തെ ദർശനങ്ങളും, പ്രവർത്തികളും പുനർചിന്തയ്ക്കും വായനയ്ക്കും വിധേയമാവുന്നുണ്ട്.  ജീവിതം തന്നെ പോരാട്ടമായി കണ്ടിരുന്ന ആ വലിയ മനുഷ്യന്റെ ജീവിതത്തിന്റെ ഓരോ ഏടുകളും ഇന്നും പ്രസക്തമായി തന്നെ നിൽപ്പുണ്ട്.