Mon. Dec 23rd, 2024
പാലക്കാട്:

മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ പങ്കെടുത്ത സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കാട്ടൂർ താനിയംപാടത്ത് ഷാനവാസ് അബ്ദുല്ലയ്ക്കെതിരെ (36) ടൗൺ സൗത്ത് പൊലീസാണു കേസെടുത്തത്. കൊടുമ്പ് കല്ലിങ്കൽപാടത്ത് 16, 17 തീയതികളിൽ നടക്കുന്ന ടൂർണമെന്റിനു മുന്നോടിയായി മുതിർന്നവർ പരിശീലനം നടത്തുന്നതിനിടെയാണ് ആറു വയസ്സുകാരനും ബൈക്കുമായി ട്രാക്കിൽ ഇറങ്ങിയത്.

കുഞ്ഞൻ റൈഡറുടെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണു പൊലീസ് കേസെടുത്തത്. അപകടകരമായ പരിശീലന പരിപാടിയിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്കു വാഹനം നൽകിയതിനുമാണു കേസ്.

മഡ് റേസ് പോലുള്ള അഡ്വഞ്ചർ സ്പോർട്സ് മത്സരങ്ങളും പരിശീലനവും സംഘടിപ്പിക്കാൻ സർക്കാർ അനുമതി ആവശ്യമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എം കെ ജയേഷ് കുമാർ പറഞ്ഞു. വലിയ അപകടസാധ്യതയുള്ള മത്സരങ്ങളാണ് ഇവ. പലരും ഇതേക്കുറിച്ചു ബോധവാന്മാരല്ല.

മറ്റു കലാകായിക ഇനങ്ങൾ സംഘടിപ്പിക്കുന്ന ലാഘവത്തോടെ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രഫഷനൽ റൈഡർമാരാണു സാധാരണയായി ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുക. എന്നാൽ, പ്രാദേശികമായി നടത്തുന്ന മത്സരങ്ങളിൽ തുടക്കക്കാർ പോലും പങ്കെടുക്കുന്നത് അപകടത്തിനു കാരണമാകുന്നു.

കുട്ടികൾക്കായി മഡ് റേസ് മത്സരം സംഘടിപ്പിച്ചിട്ടില്ലെന്നും മുതിർന്നവരുടെ പരിശീലനം കാണാൻ എത്തിയ കുട്ടിയും പിതാവും സ്വന്തം താൽപര്യപ്രകാരമാണു വാഹനമോടിച്ചതെന്നും സംഘാടകർ പറഞ്ഞു. ലൈസൻസുള്ള റൈഡർമാർക്കു മാത്രമായാണു മത്സരം സംഘടിപ്പിക്കുന്നത്. പ്രഫഷനലുകളല്ലാത്തവരെ മത്സരിക്കാൻ അനുവദിക്കില്ല. മത്സരം നടത്താനുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.