പുൽപള്ളി:
മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പാതിരിയിലെ 13 ഗോത്ര കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമില്ല. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾെപ്പടുത്തിയാണ് ഇവരെ ഇവിടെ പുനരധിവസിപ്പിച്ചത്. ഇവർക്ക് കുടിവെള്ള സൗകര്യമൊരുക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് പരാതി.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ കോളനികളിൽ ഭൂരഹിതരായിരുന്ന കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചത്. അഞ്ച് സെന്‍റ് സ്ഥലവും വീടുമാണ് ഇവർക്ക് നൽകിയത്. ആറു ലക്ഷം രൂപ വീതം ഓരോരുത്തർക്കുമായി ചെലവഴിച്ചു.
എന്നാൽ, കുടിവെള്ള സൗകര്യമൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. ദൂരസ്ഥലങ്ങളിൽപോയി തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. നിലവിലെ കോളനിയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരം അലയേണ്ട ഗതികേടിലാണ്.
വേനൽക്കാലം തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. പഞ്ചായത്ത് അധികൃതരോടടക്കം കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളനിയിലേക്ക് ആദ്യം റോഡ് നിർമിച്ചശേഷം വെള്ളപ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് പരാതി പറയുന്നു. കൈക്കുഞ്ഞുങ്ങൾ ഉള്ളവരും വൃദ്ധരുമടങ്ങുന്ന കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെടുന്ന അവസ്ഥയാണ്.