Mon. Dec 23rd, 2024
കേണിച്ചിറ:

നിയമം ലംഘിച്ചു നേരം പുലരും മുൻപു മണ്ണു നീക്കം ചെയ്യുന്നതിനിടെ മണ്ണുമാന്തി യന്ത്രവും 3 ടിപ്പർ ലോറികളും പൊലീസ് പിടിച്ചെടുത്തു. പൂതാടി പഞ്ചായത്തിലെ കാറ്റാടിക്കവലയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നു ലോഡ് കണക്കിനു മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണു കേണിച്ചിറ എസ്ഐ ടി കെ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങൾ പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങൾ റവന്യു വകുപ്പിന് കൈമാറി.

രാത്രിയിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും വിവിധ ഇടങ്ങളിൽ കാവൽക്കാരെ നിർത്തി ഇവരുടെ കണ്ണുവെട്ടിച്ചാണ് ടിപ്പർ ലോറിയിൽ മണ്ണ് കടത്തുന്നത്.
നിയമം ലംഘിച്ചുള്ള മണ്ണെടുപ്പിനും നിലംനികത്തലിനും ഇത്തരക്കാർ സ്ഥല ഉടമകളോട് വൻതുകയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ പാടിക്കരയിൽ പുഞ്ചക്കൃഷിയിറക്കിയ വയൽ മണ്ണിട്ടുനികത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രം റവന്യു അധികൃതർ പിടികൂടിയിരുന്നു.

ഇതിനു മുൻപ് പനമരം പഞ്ചായത്തിലെ കരിമ്പുമ്മലിൽ അനധികൃതമായി കുന്നിടിച്ചു മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണുമാന്തി അടക്കം 4 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിൽ സർവ നിയമവും ലംഘിച്ചുള്ള കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമായിട്ടും കൃഷിവകുപ്പോ റവന്യുവകുപ്പോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്.

നിയമലംഘകരെ പിടികൂടണമെന്നും വൻതുക പിഴ ഈടാക്കണമെന്നും ഈ തുക ഉപയോഗിച്ചു സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നിയമം ഉണ്ടെങ്കിലും ജില്ലാ ഭരണകൂടം വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ചെറിയ പിഴ ചുമത്തി വിടുന്നതിനാൽ ഈ തുക തിരിച്ചുപിടിക്കാൻ വീണ്ടും കുന്നിടിക്കലും നിലംനികത്തലും മണ്ണ് മാഫിയ ഒന്നുകൂടി ഊർജിതമാക്കുന്ന സ്ഥിതിയാണ്. മണ്ണെടുത്ത് നികത്തിയ പ്രദേശങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ഒരിടത്തു പോലും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.

പൂർവസ്ഥിതിയിലാക്കാൻ പണമില്ലെന്നാണു പറയുന്നത്. എന്നാൽ പിഴയായി കിട്ടിയ തുക എന്തു ചെയ്തു എന്നതിന് ഉത്തരമില്ല. മണ്ണെടുക്കുന്നതിന് അനുമതി നൽകേണ്ട ജിയോളജി വകുപ്പിനു പിൻവാതിലിലൂടെ പണം എത്തുന്നതിനാൽ മണ്ണെടുക്കുന്ന സ്ഥലത്തേക്കു പോലും ഇവർ വരാറില്ലെന്ന ആരോപണവും ഉയരുന്നു.