Fri. Apr 19th, 2024
മൂന്നാർ:

കന്നിയാറിലെ ഒഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ട് പുഴമധ്യത്തിൽ കനാൽ നിർമിക്കുന്നത് പുഴയെയും ഒപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിനെ തന്നെയും നശിപ്പിക്കുമെന്ന് ആശങ്ക. 2018ലും 2019ലുമുണ്ടായ പ്രളയത്തിൽ കന്നിയാറിലുണ്ടായ വെള്ളപ്പൊക്കം വലിയ നാശം ഉണ്ടാക്കിയിരുന്നു. പെരിയവരൈ പാലം തകർന്നതും ഈ സമയത്താണ്.

തുടർന്ന് പെരിയാറിന്റെ കൈവഴികളിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ലക്ഷ്യമിട്ട് വൻകിട ജലസേചന വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷൻ സ്മൂത്ത്‌ ഫ്ലോ പദ്ധതിയുടെ ഭാഗമായാണ് കന്നിയാറിൽ പെരിയവരൈ ഭാഗത്ത്‌ പുഴമധ്യത്തിൽ യന്ത്രസഹായത്തോടെ മണ്ണ് നീക്കൽ ജോലികൾ ആരംഭിച്ചിരിക്കുന്നത്. ലക്ഷ്യം നല്ലതെങ്കിലും ഈ മണ്ണെടുപ്പ് പുഴയുടെ നാശത്തിനു കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.

പുഴയ്ക്ക് 100 മീറ്റർ വീതിയുള്ള ഈ ഭാഗത്ത്‌ മധ്യത്തിൽ ഏകദേശം 20 മീറ്റർ വീതിയിലാണ് മണ്ണ് ഇരുവശത്തേക്കും കോരി നീക്കി ആഴത്തിൽ കനാൽ നിർമിക്കുന്നത്. ഇങ്ങനെ നീക്കുന്ന മണ്ണ് ഇരുവശത്തും ഉയരത്തിൽ കൂന കൂട്ടിയിടുന്നു. മഴക്കാലമാവുന്നതോടെ കന്നിയാറിൽ ഒഴുക്ക് ആരംഭിക്കുമ്പോൾ ഈ മണ്ണ് മുഴുവൻ ഒഴുകി താഴെ പുതുതായി നിർമിച്ച 2 ചെക്ക്ഡാമുകളും മൂടിപ്പോകും.

പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതിയും സംഭരണശേഷിയും ഇതുമൂലം കുറയും. വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാൽ വൃഷ്ടിപ്രദേശത്തെ സംഭരണശേഷി ഇപ്പോൾ തന്നെ പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. ഡാം കവിഞ്ഞൊഴുകി വെള്ളം പാഴാകാനും വേനലിൽ പള്ളിവാസൽ പവർഹൗസിലേക്ക് ജലലഭ്യത കുറയാനും ഇതു കാരണമാകും.

പുഴമധ്യത്തിലെ മണ്ണ് ഇളക്കി നീക്കം ചെയ്യുന്നത് അശാസ്ത്രീയമാണ്. ഇങ്ങനെ നീക്കുന്ന മണ്ണ് തീരത്തേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.