Mon. Dec 23rd, 2024
പത്തനംതിട്ട:

ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് സഞ്ചരിക്കുന്ന ലാബ് (ഫുഡ് സേഫ്റ്റി ഓൺ വീൽസ്) ഒരുങ്ങുന്നത്. നിലവിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ലാബുകളുണ്ട്.

എട്ട് ജില്ലകളിൽ കൂടി ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന ലാബ് സൗകര്യം നിലവിൽ വരും. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച നിർവഹിക്കും. ജില്ലയിൽ അടൂർ കേന്ദ്രീകരിച്ചാകും ലാബ് പ്രവർത്തിക്കുക.

വെള്ളം, എണ്ണ തുടങ്ങിയ ദ്രാവക പദാർത്ഥങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ലാബിൽ ഉണ്ടാകും. ഒരു ലാബ് ടെക്നീഷൻ, അനാലിസ്റ്റ്, വാഹന ഡ്രൈവർ ഉൾപ്പെടുന്നതാണ് ലാബ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് നിലവിൽ വരുന്നത്.

2016ലാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് തുടങ്ങിയത്. എല്ലാ മാസവും 22 ദിവസം ലാബുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷ്യ പരിശോധന നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാകും പ്രവർത്തന സമയം.

ജനങ്ങൾക്കും സഞ്ചരിക്കുന്ന ലാബുകളുടെ സഹായം സൗജന്യമായി തേടാം. ഭക്ഷ്യ പരിശോധന മാത്രമല്ല ഭക്ഷ്യ സുരക്ഷാ സന്ദേശം ജനങ്ങളിലെത്തിക്കാനും ഈ രം​ഗത്തെ സുരക്ഷാ പരിശീലനം ബന്ധപ്പെട്ടവർക്ക് നല്കാനും സഹായകരമാകും. ഹോട്ടലുകളിലും പഴകിയ ഭക്ഷണപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ അതത് സ്ഥലത്ത് എത്തി പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബ് സൗകര്യപ്രദമാകും. പരിശോധനകൾ വേ​ഗത്തിലാക്കാനും ഇതു മൂലം സാധിക്കും.

നിലവിൽ പത്തനംതിട്ട ന​ഗരത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ലാബുള്ളത്. അവിടെയും ദ്രാവക രൂപത്തിലുള്ള പദാർത്ഥങ്ങൾ മാത്രമാണ് പരിശോധിക്കാൻ സൗകര്യള്ളത്.