മാവേലിക്കര:
ഓണാട്ടുകരയിലെ കർഷകരുടെ കണ്ണീര് വീഴ്‌ത്തി വേനൽമഴയും. ശക്തമായ കാറ്റുകൂടിയായതോടെ മേഖലയിലെ കൃഷിനാശത്തിന്റെ വ്യാപ്തി കൂടുകയാണ്. പ്രളയവും കാലം തെറ്റിയ മഴയും കോവിഡും തകർത്ത ഓണാട്ടുകര കാർഷികമേഖല കരകയറുന്നതിനിടെ കടന്നുവന്ന വേനൽമഴ പ്രതീക്ഷിച്ചതിലേറെ പെയ്‌തിറങ്ങിയപ്പോൾ വിഷുവിപണി കാത്തിരുന്ന പച്ചക്കറിയും വാഴകൃഷിയും നിലംപൊത്തി.
കർഷകർ നൽകിയ കണക്കനുസരിച്ച് മാവേലിക്കര ഭരണിക്കാവ് ബ്ലോക്കുകളിലായി ഒരുകോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്. നഷ്‌ടത്തിന് ആക്കം കൂട്ടി നാലാം ദിവസവും കനത്തമഴയും കാറ്റും തുടരുകയാണ്. മാവേലിക്കര ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലും ഭരണിക്കാവ് ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലും വ്യാപകമായി പച്ചക്കറികളും വാഴകൃഷിയും നശിച്ചു.
വ്യാഴം വരെ, കുലച്ചതും കുലയ്‌ക്കാത്തതുമായി പതിനയ്യായിരത്തിലേറെ മൂട് വാഴകളാണ് പൂർണമായും വീണത്. ഭരണിക്കാവ് ബ്ലോക്കിൽ മാത്രം നാല് ഏക്കർ വെറ്റിലകൃഷി നശിച്ചു. 40 ഏക്കറോളം പച്ചക്കറികളും അത്രയും തന്നെ കപ്പയും നശിച്ചു.
തെക്കേക്കര, മാവേലിക്കര, ചെന്നിത്തല മേഖലകളിലായി, കൊയ്യാറായ ഏക്കർക്കണക്കിന് നെൽച്ചെടികൾ വീണു. വാഴക്കുലകളും പച്ചക്കറികളും വ്യാപകമായി നശിച്ചു. വെട്ടിയാർ മേഖലയിൽ പച്ചക്കറിനാശം വ്യാപകമാണ്.
തെക്കേക്കര പഞ്ചായത്തിൽ ചെറുകുന്നം ആക്കപ്പള്ളി വരേണിക്കൽ കുറത്തികാട് പാടശേഖരങ്ങളിലായി കൊയ്യാറായ 200 ഏക്കറിലേറെ നെൽകൃഷി വെള്ളം കയറിയും കാറ്റിൽ വീണും നശിച്ചു. ഇതുവരെ ഈ മേഖലയിൽ 60 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി കർഷകർ പറഞ്ഞു.
വെള്ളം കയറി നിൽക്കുന്ന സ്ഥിതി തുടർന്നാൽ ഇവിടെ മാത്രം ഒന്നരക്കോടിയോളം രൂപയുടെ നഷ്‌ടമുണ്ടാകും. തഴക്കര, പാലമേൽ, തെക്കേക്കര പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്‌ടമുണ്ടായത്. ആശങ്കയുയർത്തി വെള്ളിയാഴ്‌ച വൈകിട്ടും ശക്തമായ മഴയുണ്ടായി.
നഷ്‌ടത്തിന്റെ കണക്കുകൾ എടുത്തുവരുന്നതേയുള്ളെന്ന് മാവേലിക്കര ഭരണിക്കാവ് കൃഷി അസി. ഡയറക്‌ടർമാരായ സി ആർ രശ്‌മിയും പി രജനിയും പറഞ്ഞു.
ചെങ്ങന്നൂരിൽ കൊയ്‌ത്താരംഭിക്കേണ്ടിയിരുന്ന 200 ഏക്കറിലെ നെൽകൃഷി വേനൽമഴയിൽ വെള്ളത്തിലായി.
വെൺമണി പഞ്ചായത്തിൽ ഇടനീർ, മേനിലം, പള്ളിപ്പുറം പാടശേഖരങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിൽ നെൽച്ചെടികൾ പൂർണമായും വീണു. പുലിയൂരിൽ കരികുളം, പാണ്ടനാട്ടിൽ കിളിയന്ത്ര, മുണ്ടൻകാവ്, കീഴ്‌വന്മഴി പാടശേഖരങ്ങളും മഴവെള്ള ഭീഷണിയിലാണ്. പരിശോധനയ്‌ക്ക് ശേഷമേ നാശനഷ്‌ടത്തിന്റെ കണക്ക് കൃത്യമായി ലഭിക്കുവെന്ന് കൃഷിവകുപ്പ് അറിയിച്ചു.