Sat. Jan 18th, 2025
ഇടുക്കി:

ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെത്തിച്ച് നിർബന്ധിച്ച് വിവാഹം നടത്തുന്നവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ നടന്ന പശ്ചാത്തലത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

ലോക്ഡൗണ്‍ കാലത്ത് നെടുങ്കണ്ടം ഉടുമ്പൻചോല എന്നിവിടങ്ങളിലായി ഏഴ് ശൈശവ വിവാഹങ്ങള്‍ നടന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പത്ത് പഞ്ചായത്തുകളില്‍ ശൈശവ വിവാഹങ്ങള്‍ നടന്നതായാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ കണ്ടെത്തല്‍. കുട്ടികളെ തമിഴ്‌നാട്ടിലേക്ക് കടത്തി വിവാഹം നടത്തിയാൽ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

തോട്ടം മേഖലയിൽ സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ അവസാനിപ്പിച്ച പെണ്‍കുട്ടികളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ശൈശവ വിവാഹം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റലിജന്‍സ് എഡിജിപിയും വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.