Mon. Dec 23rd, 2024
തിരുവമ്പാടി:

ഒന്നര വർഷം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നു മന്ത്രി പറഞ്ഞ റോഡാണ്. മൂന്നര വർഷം കഴിഞ്ഞിട്ടും തീരാത്ത പണിമൂലമുള്ള പൊടിശല്യവും യാത്രാദുരിതവും കൊണ്ട് വലഞ്ഞ  നാട്ടുകാർ കഴിഞ്ഞ മാസം റോഡരികിൽ ബോർഡു വച്ചു; ‘ഒന്നുകിൽ ഒരു മാസം കൊണ്ട് പണി തീർക്കുക, അല്ലെങ്കിൽ നിർത്തി പോവുക. ക്ഷമയ്ക്കും അതിരുണ്ട്.!

കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കൈതപ്പൊയിൽ–കോടഞ്ചേരി അഗസ്ത്യൻമൂഴി റോഡിന്റെ പണി 2018 സെപ്റ്റംബറിൽ ആരംഭിച്ചു 2020 മാർച്ചിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. 70.36 കോടി രൂപയ്ക്കു കരാറെടുത്ത പദ്ധതി, കരാർ കാലാവധി കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും പാതി പോലുമായില്ല.  റോഡ് പൊളിച്ചിട്ടതിനാൽ ബസുകൾ സർവീസ് നിർത്തിയിട്ടു മൂന്നു വർഷമായി.  മെറ്റൽ നിരത്തിയ ഭാഗത്തെ  പൊടിശല്യം  മൂലം നാട്ടുകാർ ഗതികെട്ടു.

റോഡരികിലെ കടകൾ പലതും പൂട്ടി. മണ്ണു മാത്രം നിരത്തിയ ഭാഗങ്ങൾ ഇന്നലെ പെയ്ത മഴയിൽ ചെളിക്കുളമായി. കൈതപ്പൊയിൽ മുതൽ അഗസ്ത്യൻമൂഴി വരെയുള്ള 21.2 കിലോമീറ്ററിൽ ഒന്നാം ഘട്ട ടാറിങ് എങ്കിലും പൂർത്തിയായത് ഏതാണ്ട് 5 കിലോമീറ്ററോളം മാത്രം.

മേയ് മാസത്തിൽ പണി പൂർത്തിയാക്കണമെന്ന് കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസിന് കലക്ടർ അന്ത്യശാസനം നൽകിയിട്ടും പണിയിൽ പുരോഗതിയില്ല. തിരുവമ്പാടി,കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തുകളിലൂടെയും മുക്കം നഗരസഭയിലൂടെയും കടന്നുപോകുന്ന റോഡ് 10 മീറ്റർ വീതിയിൽ നവീകരിക്കാൻ 86.36 കോടി രൂപയാണ് അനുവദിച്ചത്. അതായത് ഒരു കിലോമീറ്റർ നവീകരണത്തിന് 4.7 കോടി രൂപ.! 

നടപ്പാത, കൈവരികൾ,  ട്രാഫിക് സിഗ്നൽ, കേബിളുകൾക്കായി പ്രത്യേക ചാൽ തുടങ്ങി കിഫ്ബിയുടെ പുതുക്കിയ മാർഗനിർദേശപ്രകാരമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാൽ എസ്റ്റിമേറ്റിൽ പറഞ്ഞ രീതിയിലല്ല  റോഡ് നിർമാണം എന്നാരോപിച്ചു ഹൈക്കോടതിയിൽ കേസും നടക്കുന്നു.