Sat. Nov 23rd, 2024
കൊച്ചി:

പെരിയാറിന്റെ കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി ഏറ്റെടുത്ത്‌ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ. കുടുംബശ്രീയുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ്‌ തോടുകൾ പുനരുജ്ജീവിപ്പിക്കുന്നത്‌. കഴിഞ്ഞ ശനിയാഴ്‌ച മന്ത്രി പി രാജീവാണ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

ആലങ്ങാട് പഞ്ചായത്തിലെ 12-ാംവാർഡിലെ ഓഞ്ഞിത്തോട് ശുചീകരണത്തോടെയാണ്‌ ജില്ലയിൽ പദ്ധതിക്ക്‌ തുടക്കമായത്‌. തുടർന്ന്‌ പറവൂർ, ചെറായി, പാറക്കടവ്‌, ആലങ്ങാട്‌, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ ബ്ലോക്കുകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ പ്രദേശത്തെ തോട്‌ ശുചീകരണം ഏറ്റെടുത്തു. ഈ ബ്ലോക്കുകളിലെ എട്ട്‌ കേന്ദ്രങ്ങളിലായി പെരിയാറിന്റെ കൈവഴിത്തോടുകളിൽ ജലസേചനവകുപ്പിന്റെ യന്ത്രസംവിധാനത്തോടെയുള്ള ചെളി കോരലും നടക്കുന്നതായി സൂപ്രണ്ടിങ് എൻജിനിയർ ബാജി ചന്ദ്രൻ പറഞ്ഞു.

നാലു ബ്ലോക്കിലെ 113 ചെറുതോടുകളാണ്‌ ശുചീകരിക്കാനുള്ളത്‌. ശനി, ഞായർ ദിവസങ്ങളിലാണ്‌ സന്നദ്ധപ്രവർത്തനം. ഇടപ്പള്ളി ബ്ലോക്കിലെ ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലായി 22 തോടുകൾ നവീകരിച്ചു.

കടമക്കുടി പഞ്ചായത്തിലെ രണ്ട് തോടുകളും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മൂന്ന് തോടുകളും മുളവുകാട് പഞ്ചായത്തിലെ 14 തോടുകളും ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് തോടുകളുമാണ്‌ നവീകരിച്ചത്‌. എടവനക്കാട്‌ പഞ്ചായത്തിലെ 15 വാർഡുകളിലും ജനപങ്കാളിത്തത്തോടെ തോട്‌ ശുചീകരണം തുടങ്ങി. പാറക്കടവ്‌ ബ്ലോക്കിലെ ചെങ്ങമനാട്‌, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലും പദ്ധതി തുടങ്ങി.

കൂവപ്പടി ബ്ലോക്കിലെ അശമന്നൂർ, ഒക്കൽ പഞ്ചായത്തുകളിലും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, വരാപ്പുഴ പഞ്ചായത്തിലും ശുചീകരണം തുടരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ അയ്യമ്പുഴ, മഞ്ഞപ്ര, ശ്രീമൂലനഗരം പഞ്ചായത്തുകളിലും ശുചീകരണം തുടങ്ങി.

മഴക്കാലത്തിനുമുമ്പ് തോടുകളിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നീക്കം ചെയ്യുന്ന എക്കൽ ഘടന നിർണയിച്ചശേഷം ജലസേചനവകുപ്പ് നിശ്ചയിച്ചിരിക്കുന്ന തുകയ്‌ക്ക് ലേലം ചെയ്യും. ഈ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാം.