ജനീവ:
യുക്രെയ്ന്‍റെ തലസ്ഥാന നഗരമായ കിയവിലെ ബൂച്ച പട്ടണത്തിൽ നടന്ന കുട്ടക്കൊലയിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് സെലൻസ്കി. റഷ്യന്‍ സൈന്യം ഭീകര സംഘടനകളിൽ നിന്ന് വ്യത്യസ്തമല്ലെന്നും ഈ കൂട്ടക്കൊലയിൽ യുക്രെയ്ന് നീതി കിട്ടാന്‍ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ സുരക്ഷാകൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂച്ചയെപോലെ യുക്രെയ്ന്‍ നേരിട്ട ആക്രമണങ്ങൾ മുഴുവന്‍ ലോകം അറിഞ്ഞിട്ടില്ലെന്നും ഈ മനുഷ്യത്വരാഹിത്യ നടപടിക്കെതിരെ യു എന്‍ ഉടനടി പ്രവർത്തിക്കണമെന്നും സെലൻസ്കി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗൺസിലിൽ എല്ലാ രാജ്യങ്ങൾക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും റഷ്യൻ സൈന്യത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിൽ റഷ്യന്‍ സൈന്യം നടത്തിയ അക്രമങ്ങളെക്കുറിച്ചും സെലൻസ്കി യു എന്നിൽ വ്യക്തമാക്കി. റഷ്യൻ സൈന്യം സിവിലിയൻമാരെ ടാങ്കുകൾ ഉപയോഗിച്ച് കൊന്നു, നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു, പലരെയും അവരുടെ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ കൊന്നു. ബുച്ചയിൽ റഷ്യൻ സൈന്യം ചെയ്തത് ക്രൂരതയാണ്. യുഎൻ ചാർട്ടർ ഇവിടെ അക്ഷരാർത്ഥത്തിൽ ലംഘിക്കപ്പെടുകയായിരുന്നു- സെലൻസ്കി പറഞ്ഞു.
റഷ്യൻ സേനയിൽ നിന്ന് തിരിച്ചുപിടിച്ച കിയവിന് ചുറ്റുമുള്ള പട്ടണങ്ങളിൽ നിന്ന് കുറഞ്ഞത് 410 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കാലോചിതമായി സുരക്ഷാകൗൺസിലിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.