Mon. Dec 23rd, 2024
കോഴിക്കോട്:

അതിര്‍ത്തി തർക്കത്തെത്തുടര്‍ന്ന് പള്ളികമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ പള്ളികമ്മറ്റി സെക്രട്ടറിയുൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

വീട് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ വെളളിയാഴ്ച്ചയാണ് കല്ലായ് സ്വദേശി യഹിയയുടെ വീടിന്‍റെ മുന്‍ഭാഗം ഒരുസംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്. വീടിന്‍റെ ചുറ്റുമതില്‍, മുന്‍ഭാഗത്തെ പടികള്‍, മുകള്‍ഭാഗത്തെ ഷീറ്റുകള്‍ എന്നിവ സംഘം തല്ലിത്തകര്‍ത്തു.

യഹിയയുടെ ഭാര്യ ആയിഷബി മാത്രം വട്ടിലുളളപ്പോഴായിരുന്നു ആക്രമണം. വീടിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കട്ടയാട്ട്‍പറമ്പിലെ മസ്ജിദ് നൂറാനിയ പളളി സെക്രട്ടറി ജംഷിയുടെ നേതൃത്വത്തിലുളള ആറംഗ സംഘം ആക്രമണം നടത്തിയെന്നാണ് പരാതി. തന്‍റെ വീട് നില്‍ക്കുന്ന നാലര സെന്‍റ് ഭൂമിയോട് ചേര്‍ന്ന് നിര്‍മ്മിച്ച പള്ളിയുടെ ശുചിമുറിയിലെ  എക്സോസ്റ്റ് ഫാന്‍ തന്‍റെ വീടിന് അഭിമുഖമായി സ്ഥാപിച്ചത് ചോദ്യം ചെയ്ത് യഹിയ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു.

കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ ശുചിമുറിനിര്‍മാണം കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. തുടര്‍ന്ന് ശുചിമുറി പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് പളളിക്കമ്മറ്റി അംഗങ്ങള്‍ക്ക് തന്നോട് പക തുടങ്ങിയതെന്ന് യഹിയ പറയുന്നു.

ആക്രമണത്തില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പളളി കമ്മറ്റിയിലെ ചിലർ തനിക്കും കുടുംബത്തിനുമെതിരെ നോട്ടീസ് അടിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നും യഹിയ പറയുന്നു. അതേസമയം പള്ളിയുടെ മതിലിനോട് ചേർന്ന് യഹിയ അനധികൃത നിർമ്മാണം നടത്തിയെന്നാണ് പള്ളികമ്മറ്റി സെക്രട്ടറിയുടെ വാദം.

അക്രമം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും അതിർത്തി തർക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടും കുടുംബം തയാറാകുന്നില്ലെന്നും പള്ളികമ്മറ്റി സെക്രട്ടറി ജംഷി പറഞ്ഞു. തർക്കം നിലനില്‍ക്കുന്നതിനാല്‍ അതിർത്തി നിർണയിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പന്നിയങ്കര സിഐ പ്രതികരിച്ചു.