Mon. Dec 23rd, 2024
പെരിയ:

മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവൃത്തി അപകട ഭീഷണിയുയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ കെട്ടാൻ പോലും തയാറാകാതെയാണു പല സ്ഥലത്തും പ്രവൃത്തി നടത്തുന്നത്.

പെരിയ കാനറാ ബാങ്കിനു മുൻവശത്തു പാതയ്ക്കായി മണ്ണെടുത്ത ഭാഗത്തേക്ക് പിന്നോട്ടെടുത്ത കാർ മറിഞ്ഞത് ഇത്തരത്തിലുള്ള അപകട പരമ്പരയിൽ ഒടുവിലത്തേതായി. രണ്ടാഴ്ച മുൻപ് വിഷ്ണുമംഗലം വളവിൽ നിന്നു പാതയ്ക്കായി മണ്ണെടുത്ത താഴ്ചയിലേക്കു കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു യുവതിക്കു പരിക്കേറ്റതും മുന്നറിയിപ്പു ബോർഡുകളില്ലാത്തതിനാലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. മേൽപാലത്തിന്റെ പണി നടക്കുന്ന സ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് സ്ലാബുകളുയർത്തിയാണ് നിർമാണം.

ഇത്തരത്തിൽ സുരക്ഷയൊരുക്കിയില്ലെങ്കിലും മണ്ണു നീക്കുന്ന ഭാഗങ്ങളിൽ അപകട സൂചനയുയർത്തി റിബണുകളെങ്കിലും കെട്ടാൻ അധികൃതർ തയാറാകണമെന്നാണ് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അഭിപ്രായം.